കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾക്ക് കൂടി പങ്കെന്ന് സൂചന. അറസ്റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെയാണ് പോലീസിന് സംശയംതോന്നിയത്. കുട്ടികളെ കൊലപ്പെടുത്താൻ മറ്റൊരാളുടെ സഹായം ലഭിച്ചിരുന്നതായി സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

To advertise here,

നിവേദ്യയുടെ മൊഴിയും ലഭ്യമായ തെളിവുകളും പരിശോധിച്ചാൽ മാത്രമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടറുമായ എസ്. രജീഷ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നിവേദ്യയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുങ്ങിമരണമാണെന്ന നിഗമനത്തിലെത്തിയ സംഭവത്തിൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ചൊവ്വാഴ്ച ഹൈക്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയതിന് പിന്നാലെ, ബുധനാഴ്ച രാവിലെയാണ് നിവേദ്യയെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

സംഭവം നടന്ന വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കൃത്യം നടത്തുന്നതിന് മറ്റൊരാളുടെ സഹായമോ പ്രേരണയോ ലഭിച്ചതായി പോലീസിന് സൂചന ലഭിച്ചത്. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതായി പോലീസിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. ഇയാളാണോ യുവതിയെ സഹായിച്ചത്, അല്ലെങ്കിൽ കൊലചെയ്യാൻ പ്രേരിപ്പിച്ചത് എന്നത് വ്യക്തമല്ല.

അയാൾക്ക് കൊലപാതകത്തിൽ പങ്കുള്ളതായി തെളിയിക്കുന്ന നേരിട്ടുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. നിവേദ്യയെ കൂടുതൽ ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുള്ളൂ. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും യുവതിയുടെ കാമുകനെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.