മൂവാറ്റുപുഴ: കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവർന്ന കേസിൽ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും പിടിയിൽ. വീടിനു പുറകിൽ കുഴിച്ചിട്ടിരുന്ന ആഭരണങ്ങളും കണ്ടെടുത്തു. തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി സുധ ശങ്കർ (38), ദിണ്ടിക്കൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ലക്ഷ്മി (46) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി. പി. അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ മാറാടി മഞ്ചരിപ്പടി പൂമറ്റത്തിൽ മറിയാമ്മ (84) യുടെ ദേഹത്തണിഞ്ഞിരുന്ന 10 പവന്റെ ആഭരണമാണ് കവർന്നത്. മേയ് 24-ന് രാവിലെ 8.30-ഓടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന മറിയാമ്മയുടെ വീട്ടിൽ ഹോം നഴ്‌സായിരുന്നു സുധ. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഇവരാണെന്നാണ് കണ്ടെത്തൽ. അന്വേഷണം വഴിതെറ്റിക്കുന്നതിനായി സുധ സാങ്കല്പിക കഥകൾ മെനഞ്ഞ് പറയുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ പോലീസ് സുധയെയും ലക്ഷ്മിയെയും പിടികൂടി.
ആൺവേഷം കെട്ടി കവർച്ച
സുധയും ലക്ഷ്മിയും തമിഴ്നാട്ടിൽവെച്ച് തന്നെ സുഹൃത്തുക്കളാണ്. മൂവാറ്റുപുഴ 130 കവലയിലെ ഒരു വീട്ടിലാണ് ലക്ഷ്മി ജോലി ചെയ്തിരുന്നത്. സംഭവം നടന്ന ഞായറാഴ്ചയുടെ തലേന്ന് ലക്ഷ്മി, സുധ ജോലി ചെയ്യുന്ന മറിയാമ്മയുടെ വീട്ടിലെത്തി ഒളിച്ചുതാമസിച്ചു.
ഞായറാഴ്ച രാവിലെ എല്ലാവരും പള്ളിയിൽ പോയെന്നുറപ്പാക്കിയ ശേഷം ലക്ഷ്മി പാന്റ്‌സും ഷർട്ടും ധരിച്ച് പുരുഷ വേഷത്തിൽ മറിയാമ്മയുടെ ദേഹത്തു കിടന്ന ആഭരണങ്ങൾ ബലം പ്രയോഗിച്ച് ഊരിയെടുത്തു. തലേന്ന് തന്നെ ഇതിനുള്ള ആസൂത്രണം സുധയും ലക്ഷ്മിയും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ശൗചാലയത്തിന്റെ ഫൈബർ ലോക്ക് പൊട്ടിച്ചുവെച്ചു. ലക്ഷ്മി മോഷണം നടത്തുന്ന സമയത്ത് ഓടിയെത്തി സുധ ശൗചാലയത്തിൽ കയറി ഒളിച്ചു. ലക്ഷ്മി ആഭരണങ്ങൾ കൈക്കലാക്കിക്കഴിഞ്ഞ ശേഷം വാതിൽ തുറന്ന് പുറത്തെത്തി.
ആഭരണങ്ങൾ കൂടിൽ പൊതിഞ്ഞ് വീടിനു പുറകിൽ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടു. തുടർന്ന് ലക്ഷ്മി സ്ഥലംവിട്ടു.
വഴിതെളിച്ചത് ഒരു ഫോൺ കോൾ
ഫോൺ വാങ്ങി വെച്ച് വിട്ടയച്ചിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ അപരിചിതമായ ഒരു നമ്പറിൽ നിന്ന് വന്ന കോളാണ് സംഭവത്തിന്റെ ചുരുളഴിക്കാൻ സഹായകമായത്.
കൂട്ടുകാരി സുധയുടെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞ് ലക്ഷ്മി ശനിയാഴ്ച അവർ ജോലി ചെയ്തിരുന്ന വീട്ടിൽനിന്ന് പോയിരുന്നു. അപ്പോൾ സുധയുടെ നമ്പർ അവിടെ കൊടുക്കുകയും ചെയ്തു. മോഷണം കഴിഞ്ഞ് ഞായറാഴ്ച ലക്ഷ്മി ജോലി ചെയ്തിരുന്ന വീട്ടിലേക്ക് ചെല്ലാതെ സ്വന്തം മുറിയിൽ താമസിച്ചു. ഞായറാഴ്ചയും ജോലിക്കാരി എത്താതെ വന്നപ്പോൾ വീട്ടുകാർ സുധയുടെ ഫോണിലേക്ക് വിളിച്ചു. ഈ ഫോൺ നമ്പർ തിരഞ്ഞ് ചെന്ന പോലീസ് തുടർന്ന് ലക്ഷ്മിയുടെ താമസ സ്ഥലത്തുമെത്തി. അവിടെ മുഷിഞ്ഞ പാന്റ്‌സും വേഷവും കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു.
ഇതിനിടെ മറിയാമ്മയുടെ വീട്ടിലേക്ക് തിരിയുന്ന ഭാഗത്ത് പള്ളിയുടെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ഒരു സ്ത്രീ നടന്നു പോകുന്നതും കണ്ടെത്തി. ഇത് കൂട്ടി വായിച്ച പോലീസ് ലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ യഥാർഥ ചിത്രം പുറത്തുവന്നു.
ഇരുവരെയും മറിയാമ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇൻസ്‌പെക്ടർ അനിൽ ജോർജ്, എസ്.ഐ. മാരായ എൻ.എസ്. റോയ്, ചാർലി തോമസ്, എസ്. ശ്രീനാഥ്, പി.സി. ജയകുമാർ, എം.എം. ഉബൈസ്, സി.ബി. അനിൽകുമാർ, എ.എസ്.ഐ. മാരായ എം.കെ. ഗിരിജ, എ.വി. ദിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എച്ച്. ഹാരിസ്, എം.പി. രതീഷ്, ശ്രീജു രാജൻ, ബിനിൽ എൽദോസ്, എ.പി. അജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Published: 27 May 2026, 07:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented