
തൃശ്ശൂർ: ഞായറിന്റെ ആലസ്യത്തിലായിരുന്ന താണിക്കുടം ഗ്രാമം പെട്ടെന്നാണ് ഉണർന്നത്. എവിടെനിന്നൊക്കെയോ ആളുകൾ എ.ടി.എം. കവർച്ച തെളിവെടുപ്പിന്റെ കേന്ദ്രബിന്ദുവായി മാറിയ പാലത്തിനു മുകളിലെത്തി. തിരച്ചിൽ തീരുന്നതുവരെ ചർച്ചകളും നിഗമനങ്ങളുമായി നാട്ടുകാർ കൂട്ടംകൂടിനിന്നു. ഞായറാഴ്‌ച പന്ത്രണ്ടിനുശേഷമാണ് നാലോ അഞ്ചോ പോലീസ് വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ചീറിപ്പാഞ്ഞ് താണിക്കുടം പാലത്തിനു മുകളിൽ എത്തുന്നത്.
എന്താണ് സംഭവമെന്നറിയാനുള്ള ആകാംക്ഷയോടെ ആളുകൾ കൂടി. പാലത്തിനരികിൽ നിൽക്കാനാകാത്തവിധം ആളുകൾ നിറഞ്ഞു. ചുട്ടുപൊള്ളുന്ന വെയിൽ വകവയ്ക്കാതെ പാലത്തിന് താഴേക്ക് കണ്ണുംനട്ടിരുന്നു. പലരും ഇത് മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. പോലീസ് അന്വേഷിച്ചുവന്ന ട്രേകളിലൊന്ന് പാലത്തിന്റെ മുകളിൽനിന്നുതന്നെ കാണുന്നവിധമാണ് കിടന്നിരുന്നത്. പലരും ഇത് ശ്രദ്ധിച്ചിരുന്നെങ്കിലും ഇത്ര വലിയ ഒരു കേസിന്റെ തുമ്പാണെന്ന് അറിയുന്നത് അപ്പോഴായിരുന്നു. ഇതിന്റെ വിസ്മയം പലമുഖങ്ങളിലും നിറഞ്ഞു. ‘ട്രേയിലൊന്നും ഒന്നുമില്ലെടാ’ എന്ന നിരാശ അധികം വൈകാതെ പലയിടങ്ങളിലും നിറഞ്ഞു. പലരും ഫോൺ വിളിച്ചാണ് വിവരങ്ങൾ പങ്കുവെച്ചത്.
Also Read
പന്ത്രണ്ട് ട്രേകളാണ് കിട്ടാനുള്ളത്- മറ്റെവിടെനിന്നോ കിട്ടിയ വിവരം ഒപ്പമുള്ളവരോട് പങ്കുവയ്ക്കുന്നതും കാണാമായിരുന്നു. ഓരോ ട്രേ ഉയർത്തുമ്പോഴും നിശ്വാസങ്ങൾ വീണു. ട്രേ തിരയുമ്പോഴെങ്കിലും പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യം ആരെങ്കിലും കാണുമോയെന്ന ചോദ്യവും ഇടയ്ക്കുയർന്നു.
പാലത്തിലെ ഗതാഗതം പലപ്പോഴും നിലച്ചു. പലരും വാഹനം നിർത്തി എന്തു നടക്കുന്നുവെന്ന അന്വേഷണമായി. പോലീസും നാട്ടുകാരും ഇടപെട്ട് വാഹനങ്ങൾ പാലത്തിൽനിന്നു വേഗം മാറ്റിക്കൊണ്ടിരുന്നു. പ്രതികളുമായി പോലീസ് തിരിച്ചുപോന്നശേഷമാണ് ജനക്കൂട്ടം പൂർണമായി പിരിഞ്ഞത്.
ചോദ്യം ചെയ്യൽ നീളും
എ.ടി.എം. കവർച്ചക്കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ നീളും. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം മാത്രമാണ് നടക്കുന്നത്. ഷൊർണൂർ റോഡിലെ എ.ടി.എം. കവർച്ച മാത്രമാണ് ഇതിലുള്ളത്. മറ്റു രണ്ട് സ്ഥലത്തെ ചോദ്യം ചെയ്യലുകളും തെളിവെടുപ്പുമെല്ലാം നടക്കാനുണ്ട്. ഇതിന് ഓരോന്നിനും കോടതിയുടെ അനുമതിയും വേണ്ടിവരും. മൂന്ന് കവർച്ചകളും പ്രത്യേകം കേസുകളായി പരിഗണിക്കുന്നതിനാലാണിത്.
അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽനിന്നുള്ള സംഘം പ്രതികളെ കോടതിയിൽ തന്നെ ഹാജരാക്കും. മറ്റു രണ്ട് സ്ഥലങ്ങളിലേക്കും പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷകൾ അതത് സ്റ്റേഷനിൽ നിന്ന് നൽകണം. ഇപ്പോൾ നടന്നതുപോലെയുള്ള ചോദ്യംചെയ്യലുകളും തെളിവെടുപ്പും നടത്തേണ്ടിവരും. ഈസ്റ്റ് സ്റ്റേഷനിലെ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായ സ്ഥിതിക്ക് ഇനിയുള്ളത് കോലഴിയിലെ എ.ടി.എം. മോഷണത്തിലെ അന്വേഷണമാണ്. ഇത് വിയ്യൂർ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ്. ഒല്ലൂർ എ.സി.പി.ക്കു കീഴിലാണിത്. ഈസ്റ്റ് പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതോടെ വിയ്യൂർ പോലീസ് പ്രതികളെ വിട്ടുകിട്ടാൻ അപേക്ഷ നൽകും.
ഇതിനുശേഷമായിരിക്കും മാപ്രാണത്തെ എ.ടി.എം. കവർച്ച അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങൽ. റൂറൽ പോലീസ് പരിധിയിലെ ഇരിങ്ങാലക്കുട സ്റ്റേഷൻ്റെ പരിധിയിലാണിത്. ഇതിനിടെ പ്രതികളെ തേടി മറ്റു സംസ്ഥാനങ്ങളിൽനിന്നും അന്വേഷണം വരുന്നുണ്ടെന്ന അഭ്യൂഹവുമുണ്ട്. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ അന്വേഷണത്തിൽ പ്രധാന തെളിവുകൾ ലഭിച്ചതിനാൽ മറ്റു കേസുകളിലെ അന്വേഷണം എളുപ്പമാകും. മോഷണത്തിനുപയോഗിച്ച ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും മോഷണത്തിനുശേഷം ഉപേക്ഷിച്ച വിവിധ സ്ഥലങ്ങളിലെ എ.ടി.എം. ട്രേകളും പോലീസിന് ലഭിച്ചുകഴിഞ്ഞതിനാലാണിത്.
ഞായറാഴ്ച അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീമാണ് ഇവ താണിക്കുടം പുഴയിൽനിന്നു മുങ്ങിയെടുത്തത്. സ്‌കൂബ ഡൈവർമാരായ പി.കെ. പ്രജീഷ്, വി.വി. ജിമോദ് എന്നിവരാണ് പരി ശോധനയിൽ പങ്കെടുത്തത്.
Content Highlights: thrissur atm robbery police investigation
Published: 07 Oct 2024, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented