തൃശ്ശൂർ: എ.ടി.എം. കവർച്ചക്കേസിലെ പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ പണം സൂക്ഷിക്കുന്ന ഒൻപത് ട്രേകളും ഗ്യാസ് കട്ടറും രണ്ടു സിലിൻഡറുകളും താണിക്കുടം പുഴയിൽനിന്ന് കണ്ടെത്തി. ക്യാമറാ ദൃശ്യങ്ങൾ ശേഖരിക്കുന്ന ഒരു ഡി.വി.ആറും കിട്ടിയിട്ടുണ്ട്. അഗ്നി രക്ഷാസേനയുടെ സഹായത്തോടെയാണ് പോലീസ് ഇവയെല്ലാം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് അഞ്ചു പ്രതികളുമായി പോലീസ് ഷൊർണൂർ റോഡിലെ എ.ടി.എം. കേന്ദ്രത്തിലെത്തിയത്. ഹരിയാണ പൽവാൽ സ്വദേശികളായ ഇർഫാൻ (32), സാബിർ ഖാൻ (26), ഷൗക്കീൻ ഖാൻ (23), മുഹമ്മദ് ഇക്രാം (42) മുബാറക്ക് (18) എന്നിവരെയാണ് പോലീസ് കൊണ്ടുവന്നത്. മൂന്ന് എ.ടി.എം. കേന്ദ്രങ്ങളിലെയും മോഷണത്തിനുശേഷം മണ്ണുത്തിയിലേക്ക് കടന്നത് താണിക്കുടം പുഴയിലെ പാലം വഴിയായിരുന്നു. ഈ യാത്രക്കിടയിലാണ് എ.ടി.എമ്മിലെ ട്രേകളും ഗ്യാസ് കട്ടറും സിലിൻഡറുമെല്ലാം പുഴയിൽ ഉപേക്ഷിച്ചത്. മോഷണം നടന്ന ഷൊർണൂർ റോഡിലെ എ.ടി.എം. കേന്ദ്രത്തിലും പ്രതികളുമായി പോലീസ് തെളിവെടുപ്പു നടത്തി.

To advertise here,

കവർച്ചയുടെ ആസൂത്രകനായ മുഹമ്മദ് ഇക്രാമിനെ എ.ടി.എം. കേന്ദ്രത്തിനു പുറത്തുനിർത്തിയാണ് തെളിവെടുത്തത്. സാബിർ ഖാൻ, ഷൗക്കീൻ ഖാൻ എന്നിവരെ എ.ടി.എം. കേന്ദ്രത്തിനുള്ളിൽ കയറ്റി തെളിവെടുപ്പു നടത്തി. എ.ടി.എം. പൊളിച്ചത് ഇവരാണ്. അസർ അലിയും എ.ടി.എമ്മിന് അകത്തുകയറിയിരുന്നു. പ്രതികളെ പിടികൂടുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായതിനാൽ അസർ അലിയെ കസ്റ്റഡിയിൽ വാങ്ങാൻ തൃശ്ശൂർ പോലീസിന് സാധിച്ചിരുന്നില്ല.

താനാണ് കാർ ഓടിച്ചിരുന്നതെന്നും പുഴയിലേക്ക് ട്രേകളും മറ്റും വലിച്ചെറിഞ്ഞുവെന്നും മുഹമ്മദ് ഇക്രാം ആണ് പറഞ്ഞത്. പാലത്തിന്റെ രണ്ടുവശത്തേക്കുമായാണോ ഇവ എറിഞ്ഞതെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഉത്തരം. തുടർന്ന് സാബിർ ഖാൻ, ഷൗക്കീൻ ഖാൻ എന്നിവരെ പാലത്തിലെത്തിച്ചു. ഇവരിൽനിന്ന് പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ആദ്യം ലഭിച്ചത് ഡി.വി.ആർ.

തൃശ്ശൂർ : എ.ടി.എം. കവർച്ചക്കേസിലെ പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ താണിക്കുടം പുഴയിൽനിന്ന് സ്‌കൂബാ സംഘത്തിന് ആദ്യം ലഭിച്ചത് ഡി.വി.ആർ (ഡിജിറ്റൽ വീഡിയോ റെക്കോഡർ) ആണ്. പിന്നീട് എട്ടു എ.ടി.എം. ട്രേകൾ കണ്ടെത്തി. ശേഷം ഗ്യാസ് കട്ടറും ഗ്യാസ് കുറ്റിയും ലഭിച്ചു. ഇവ ഒരു ചാക്കിൽ കെട്ടിയ നിലയിലായിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഒരു സിലിൻഡറും ഒരു ട്രേയും കൂടി ലഭിച്ചു. എ.സി.പി. സലീഷ് ശങ്കരൻ, ഈസ്റ്റ് എസ്.എച്ച്.ഒ. എം.ജെ. ജിജോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രണ്ടുമണിക്കൂറോളം തെളിവെടുപ്പ് നടന്നത്.

സെപ്റ്റംബർ 27-ന് ഷൊർണൂർ റോഡ്, കോലഴി, മാപ്രാണം എന്നിവിടങ്ങളിൽനടന്ന എ.ടി.എം. കവർച്ചയിൽ 69.43 ലക്ഷം രൂപയാണ് നഷ്ടമായത്. മോഷണത്തിനുപയോഗിച്ച കാർ ഉൾപ്പെടെ കണ്ടെയ്‌നറിൽ രക്ഷപ്പെട്ട സംഘത്തെ തമിഴ്‌നാട്ടിലെ നാമക്കലിൽനിന്നാണ് പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികളിലൊരാളായ ലോറിയുടെ ഡ്രൈവർ മധ്യപ്രദേശ് ലാഹർ സ്വദേശി ജുമാനുദ്ദീൻ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഗുരുതര പരിക്കേറ്റ അസർ അലിയുടെ വലതുകാൽ മുറിച്ചുനീക്കേണ്ടി വന്നു. ബാക്കി പ്രതികളെയാണ് തൃശ്ശൂർ സിറ്റി- റൂറൽ വിഭാഗങ്ങൾ ചേർന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്.