
തൃശ്ശൂർ : എ.ടി.എം. കവർച്ചക്കേസിലെ പ്രതികൾ ഇങ്ങനെ കിട്ടുന്ന പണം ഓൺലൈൻ റമ്മി കളിക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് സൂചന. എ.ടി.എം. തകർക്കാൻ ഉപയോഗിച്ച ആയുധങ്ങൾ എവിടെയാണ് ഉപേക്ഷിച്ചത് എന്നതു സംബന്ധിച്ച സൂചനയും പോലീസിന് കിട്ടിയിട്ടുണ്ട് എന്നറിയുന്നു. ശനിയാഴ്ച നടന്ന ചോദ്യംചെയ്യലിലാണ് വിവരങ്ങൾ ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും പോലീസ് അന്വേഷിക്കുമെന്നാണ് അറിയുന്നത്.
തെളിവെടുപ്പിന്റെ ഭാഗമായി എ.ടി.എം. തകർക്കാനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള ശ്രമവും പോലീസ് നടത്തും. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ അഞ്ച് പ്രതികളുടെയും ചോദ്യംചെയ്യൽ തുടരുകയാണ്. ശനിയാഴ്ച അഞ്ച് പ്രതികളുടെയും വിരലടയാളങ്ങൾ പരിശോധനയ്ക്കായി എടുത്തു. ഞായറാഴ്ച തെളിവെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്.
ഷൊർണൂർ റോഡിലെ എ.ടി.എമ്മിലാകും ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പ്. ഹരിയാണ പൽവാൽ സ്വദേശികളായ ഇർഫാൻ (32), സാബിർഖാൻ (26), ഷൗക്കീൻഖാൻ (23), മുബാറക് (18), മുഹമ്മദ് ഇക്രാം (42) എന്നിവരെയാണ് പോലീസ് ചോദ്യംചെയ്യുന്നത്. പ്രതികളിൽ ഒരു വിരലടയാളം പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
മോഷണത്തിന്റെ സൂത്രധാരൻ മുഹമ്മദ് ഇക്രാമിന്റെ വിരലടയാളമാണിത്. വിരലടയാളത്തിന്റെ ദേശീയ ഡേറ്റാ ബേസിൽനിന്നാണ് ഇത് തിരിച്ചറിഞ്ഞത്. മറ്റു പ്രതികളുടെക്കൂടി വിരലടയാളം തിരിച്ചറിയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കസ്റ്റഡിയിലുള്ള എല്ലാവരും എ.ടി.എം. കേന്ദ്രത്തിൽ കയറിയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.
മൂന്നുപേർ മാത്രമാണ് മോഷണം നടന്ന എ.ടി.എം. കേന്ദ്രങ്ങളിൽ കയറിയതെന്നാണ് പോലീസ് കരുതുന്നത്. ഇവർ ആരൊക്കെ എന്നതിനു വ്യക്തത വരാൻ വിരലടയാളപരിശോധന വേണം. മോഷണത്തിനുശേഷം ഇവിടെ നടന്ന പരിശോധനയിൽ നിരവധിപേരുടെ വിരലടയാളങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിൽനിന്ന് മോഷ്ടാക്കളുടെ മാത്രം വിരലടയാളം വേർതിരിച്ചെടുക്കാനും ഈ പരിശോധന ആവശ്യമാണ്. കഴിഞ്ഞ 27-ന് ജില്ലയിലെ മൂന്നിടങ്ങളിലായി നടന്ന എ.ടി.എം. കവർച്ചയിൽ 69.43 ലക്ഷം രൂപയാണ് നഷ്ടമായത്.
Content Highlights: thrissur atm robbery police investigation
Published: 06 Oct 2024, 08:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented