
തൃശ്ശൂർ: തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കൽ ജില്ലയിലെ കുമാരപാളയത്തിനുസമീപം പച്ചംപാളയത്തുവെച്ചാണ് ആറംഗ സംഘം പോലീസിന്റെ വലയിലായത്. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനിടെ, ലോറി പിന്തുടർന്ന് തമിഴ്നാട് പോലീസാണ് സംഘത്തെ സാഹസികമായി പിടികൂടിയത്. ഇതിനിടെ വെടിവെപ്പുണ്ടാകുകയും പ്രതികളിലൊരാൾ വെടിയേറ്റ് മരിക്കുകയും ചെയ്തു. ആക്രമണത്തിൽ കുമാരപാളയം സ്റ്റേഷനിലെ ഇൻസ്പെക്ടർ തവമണി, പോലീസുകാരനായ രഞ്ജിത്ത് എന്നിവർക്കും പരിക്കേറ്റു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
മോഷണത്തിനായി ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ കണ്ടെത്തി. എസ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്നാട് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം. പിന്നിൽ പ്രൊഫഷണൽ ഗ്യാങ് ആണെന്ന് സംശയിക്കുന്നതായി തൃശ്ശൂർ എസ്.പി. നേരത്തേ പറഞ്ഞിരുന്നു.
സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെയാണ് ആദ്യം ലോറി ഇടിച്ചത്. തുടർന്ന് രണ്ട് കാറുകളിലും നാല് ഇരുചക്രവാഹനങ്ങളിലും ഇടിച്ച ലോറി നിർത്താതെ പോവുകയായിരുന്നു. പിന്നീട് നാട്ടുകാർ കുമാരപാളയം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പിന്നിലുണ്ടെന്ന് മനസ്സിലായതോടെ ലോറി അതിവേഗത്തിൽ കുതിച്ചു. എന്നാൽ, പല ഭാഗങ്ങളിൽനിന്നുമായി കൂടുതൽ വാഹനങ്ങളിൽ പോലീസ് ലോറി ലക്ഷ്യമാക്കി എത്തിക്കൊണ്ടിരുന്നു.
പിന്നീട് ലോറിക്ക് കുറുകെ വാഹനം നിർത്തി പോലീസ് തടഞ്ഞെങ്കിലും ഡ്രൈവർ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചു. ഇതോടെ ലോറിക്കുനേരെ പോലീസുകാർ കല്ലെറിയുകയും ഡ്രൈവർ ഇറങ്ങിയോടുകയും ചെയ്തു. തുടർന്ന് കണ്ടെയ്നർ തുറന്നുപരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘത്തെ ലോറിക്കുള്ളിൽ പോലീസ് കാണുന്നത്. തുടർന്ന് സംഘം ആക്രമിക്കാൻ തുടങ്ങിയതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ നടന്ന കവർച്ചയിൽ, മൂന്ന് എ.ടി.എമ്മുകളിൽനിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊർണൂർ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്.ബി.ഐ എടിഎമ്മിലാണ് 2.10-ന് ആദ്യം മോഷണം നടന്നത്.
കഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകൾ ഈ എടിഎമ്മിൽ അധികൃതർ നിറച്ചിരുന്നു. ഇത് കവർച്ചാ സംഘം കണ്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. എടിഎമ്മുകൾക്കു മുൻപിലെ സി.സി.ടി.വി ക്യാമറകൾക്കുമേൽ കറുപ്പ് നിറത്തിലുള്ള പെയിന്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.
കാറിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എമ്മിൽനിന്ന് പണം കവർന്നത്. മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷൻ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്.
Content Highlights: Thrissur ATM robbery gang arrested in Tamil Nadu
Published: 27 Sept 2024, 11:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented