കോഴിക്കോട്: യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം നടത്താനായി മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്തു. തോട്ടുമുക്കം പനംപ്ലാവില്‍ പുളിക്കയില്‍ തോമസ്(36) എന്ന തൊമ്മന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ പനംപ്ലാവ് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയിലെ കല്ലറയില്‍നിന്ന് പുറത്തെടുത്തത്. 

To advertise here,

അരീക്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ബാസലി, പോലീസ് സര്‍ജന്‍ പി.പി. അജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഏറനാട് തഹസില്‍ദാര്‍ ഹാരിസ് കപൂറിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

നവംബര്‍ നാലിനാണ് ടിപ്പര്‍ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയില്‍ പനംപ്ലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

placeholder
കല്ലറയ്ക്ക് ചുറ്റും പന്തല്‍ കെട്ടിമറച്ച് മൃതദേഹം പുറത്തെടുക്കുന്ന നടപടികള്‍ ആരംഭിച്ചപ്പോള്‍. ഇന്‍സെറ്റില്‍ മരിച്ച തോമസ്

എന്നാല്‍, തോമസും സുഹൃത്തുക്കളുമായി സംഘര്‍ഷമുണ്ടായിരുന്നതായും തോമസിന് കാര്യമായ പരിക്കേറ്റിരുന്നതായും നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത് സംസ്‌കാരത്തിന് ശേഷമാണ്. തുടര്‍ന്ന് പിതാവ് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയും പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയുമായിരുന്നു. കേസില്‍ തുടര്‍നടപടികളുടെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്.