തിരുവനന്തപുരം: റെയിൽവേസ്റ്റേഷനിൽനിന്ന് യാത്രക്കാരിയുടെ അഞ്ചുലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചശേഷം ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റുചെയ്തു. തമിഴ്നാട് കന്യാകുമാരി ഭൂതപ്പാണ്ടി സ്വദേശി ശ്യാം ക്രിസ്പിൻ (42) ആണ് പിടിയിലായത്. ആർ.പി.എഫിന്റെ ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിയിൽനിന്ന് മുഴുവൻ ആഭരണങ്ങളും അന്വേഷണസംഘം കണ്ടെടുത്തു.

To advertise here,

കഴിഞ്ഞ ജനുവരി 25-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽവെച്ചാണ് പ്രതി യാത്രക്കാരിയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതി നെടുമങ്ങാട് വാണ്ട എന്ന സ്ഥലത്തുള്ള റൈസ് മില്ലിന്റെ സമീപത്തുള്ള പലകപ്പെട്ടിയിലായിരുന്നു ബാഗ് ഒളിപ്പിച്ചത്.

തമ്പാനൂർ, കിഴക്കേക്കോട്ട, കരമന, അരിസ്‌റ്റോ ജങ്ഷൻ എന്നിവിടങ്ങളിലെ 200-ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ പേരിൽ മറ്റു മോഷണക്കേസുകൾ ഇല്ലെന്നും ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പോലീസ് പറഞ്ഞു.

ആർ.പി.എഫ്. ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ നേത്യത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ബി.എൽ.ബിനുകുമാർ, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിപിൻ, ഉദ്യോഗസ്ഥരായ സജിത് കുമാർ, ജയൻ, മാത്യു,അനൂബ്,ഫിലിപ്സ് ജോൺ, ജോസ്, രജിത്ത്,അബ്ദുൾ സലാം, മനു, നിമോഷ്, സജീവ്, വിനോദ് തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്. റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ പരിശോധനകൾ ഇനിയും ശക്തമാക്കുമെന്നും ക്രൈം ഇന്റലിജെൻസ് ഇൻസ്പെക്ടർ ജിപിൻ പറഞ്ഞു.