മഞ്ഞാടി (തിരുവല്ല): ‘‘30,000 രൂപാ ചോദിച്ചാണ് അവരെത്തിയത്. പിന്നീട് അരലക്ഷമായി. പണമില്ലെന്നറിഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു’’. സ്പായിൽ പീഡിപ്പിക്കപ്പെട്ട യുവതിയുടെ വാക്കുകളാണിത്.
‘‘ഫെബ്രുവരി ഒന്നിന് മൂന്നരയോടെയാണ് കാപ്പാകേസ് പ്രതി സുബിൻ അലക്‌സാണ്ടർ ചാക്കോയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം സ്പായിലെത്തിയത്.

To advertise here,

കെട്ടിടത്തിന്റെ മറ്റൊരുഭാഗത്തായിരുന്ന ഞാൻ സഹപ്രവർത്തകയുടെ ഒച്ചകേട്ടാണ് അങ്ങോട്ടുചെന്നത്. സുബിൻ ആദ്യമായാണ് സ്പായിൽ പണം ചോദിച്ചുവരുന്നത്. തിരുവല്ലഭാഗത്തെ മറ്റൊരു ഗുണ്ട രാഹുൽ ക്രിസമ്‌സിനും ഓണത്തിനുമെല്ലാം വന്ന് പണം വാങ്ങാറുണ്ടായിരുന്നു. സ്പാ ബെഡുള്ള മുറിയിലേക്ക് എന്നെ വലിച്ചുകയറ്റിയശേഷമാണ് പീഡിപ്പിച്ചത്. കത്തി തൊണ്ടക്കുഴിയിൽവെച്ച് ഭീഷണിപ്പെടുത്തി. അരമണിക്കൂറോളം ക്രൂരമായി തല്ലുകയും പീഡിപ്പിക്കുകയും ചെയ്തു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യവും പകർത്തി. സ്പായിൽ എത്തിയ മറ്റൊരുയുവാവിനെ വിവസ്ത്രനാക്കി എനിക്കൊപ്പം കിടത്തി ദൃശ്യം ചിത്രീകരിച്ചു. ഇതിനുശേഷം ‌സ്ഥാപന ഉടമയിൽനിന്ന് മൂന്നുലക്ഷം രൂപ വാങ്ങിത്തരണമെന്നാവശ്യപ്പെട്ടു. ഇല്ലെങ്കിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.

ആറുപേരടങ്ങുന്ന സംഘമാണ് വന്നത്. നാലുപേർ വടിവാളുമായി പിന്നാലെവരുമെന്നും പറഞ്ഞു. പണം പിരിക്കാൻ ക്വട്ടേഷൻ ലഭിച്ചതാണെന്ന് ഇതിനിടെ സുബിൻ പറഞ്ഞിരുന്നു. സ്ഥാപനത്തിലെ സഹപ്രവർത്തകയെ സുബിൻ തല്ലാൻചെല്ലുമ്പോൾ സംഘാംഗങ്ങൾ തടയുന്നുണ്ടായിരുന്നു. ഈ സ്ത്രീയ്ക്ക് പരിചയമുള്ളവരാണോ സംഘത്തിലുള്ളവരെന്നത് വ്യക്തമല്ല. മുക്കാൽ മണിക്കൂറിനുശേഷമാണ് സംഘം മടങ്ങിയത്’’ -യുവതി പറഞ്ഞു.

ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് സ്പായിൽ എത്തിയ പ്രതികൾ ഗുണ്ടാപിരിവ് ആവശ്യപ്പെടുകയായിരുന്നു.ഇത് നൽകാത്തതിനെത്തുടർന്ന് കതകടച്ച് ജീവനക്കാരിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.

കാപ്പാ കേസ് പ്രതിയും 'മരണം സുബിൻ' എന്ന പേരിൽ അറിയപ്പെടുന്ന സുബിനും ഒപ്പം വന്ന അഞ്ചുപേരും ചേർന്നാണ് സ്പായിൽ അതിക്രമം നടത്തിയത്. ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. അന്നുതന്നെ സ്പാ ജീവനക്കാരി പോലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ പോലീസ് കണ്ടെത്തി. സംഭവത്തിൽ സുബിൻ അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേർ ഒളിവിലാണ്.