നെയ്യാറ്റിൻകര: വഴുതൂരിൽ വഴിയോര തട്ടുകട കത്തിച്ച സംഭവത്തിൽ തൊട്ടടുത്ത് കടനടത്തുന്നയാളെ നെയ്യാറ്റിൻകര പോലീസ് പിടികൂടി. വീരണകാവ്, തോട്ടംപറമുറി, റോഡരികത്തുവീട്ടിൽ അജയകുമാർ(46) ആണ് അറസ്റ്റിലായത്. ആറാലുംമൂട് അഴകറത്തലമേലെ വീട്ടിൽ ഹക്കീമിന്റെ തട്ടുകട കത്തിച്ച കേസിലാണ് പ്രതി പിടിയിലായത്. ഒക്ടോബർ 28-ന് അർധരാത്രിയോടെയാണ് സംഭവമുണ്ടായത്.

To advertise here,

വഴുതൂരിൽ വഴിയോര തട്ടുകട നടത്തുകയായിരുന്നു ഹക്കീം. ഇതിനടുത്തായി മറ്റൊരു കട സഹോദരനൊപ്പം നടത്തുകയായിരുന്നു പ്രതി അജയകുമാർ. ഈ കടക്കാർ തമ്മിൽ വാക്കുതർക്കം പതിവാണ്. ഇതിലുള്ള വൈരാഗ്യത്തിലാണ് ഹക്കീമിന്റെ കടയ്ക്ക് പ്രതി തീയിട്ടത്. പലവ്യജ്ഞന സാധനങ്ങളാണ് ഹക്കീം കച്ചവടം നടത്തിയിരുന്നത്. നേരത്തെയും ഹക്കീമിന്റെ കടയ്ക്കുനേരേ ആക്രമണമുണ്ടായിട്ടുണ്ട്.

ഇതിനെത്തുടർന്ന് എതിർവശത്തായ കടയിൽ ഹക്കീം സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിൽ പ്രതിയുടെ ചിത്രം പതിഞ്ഞെങ്കിലും വ്യക്തമല്ലായിരുന്നു. സമീപത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജുവിന്റെയും എസ്.ഐ. ആർ.സജീവിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.