
തൃശ്ശൂർ: ‘വേറെ എന്തു ചെയ്യും’- ഏതു സമയവും മൊബൈൽ ഫോണിൽ കണ്ണുനട്ടിരിക്കുന്നതിനെ മാതാവ് എതിർക്കുമ്പോൾ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ ഒൻപതാംക്ലാസുകാരൻ ഇയാൻ ചാക്കോള സ്വയം ചോദിച്ചത് ഇതായിരുന്നു. ഇതിനൊരുത്തരമായാണ് ‘ചാക്കോളാസ് തട്ടുകട’ രൂപപ്പെട്ടത്. ഒഴിവുകാലത്ത് സംരംഭകനാകുകയെന്ന കുഞ്ഞുമോഹത്തിന് മാതാവ് ലിൻസി വിഭവങ്ങളൊരുക്കി സഹായിച്ചു. പിതാവ് ടോണിചാക്കോള സ്ഥലവും കണ്ടെത്തി. ഇതോടെ ഇയാന്റെ ചാക്കോളാസ് തട്ടുകട ഹിറ്റായി. ആദ്യദിനം തന്നെ മൂവായിരം രൂപയുടെ കച്ചവടമാണ് നടന്നത്. ‘'അപ്പാ പൊളിച്ചു'’ -ആദ്യദിവസംതന്നെ ഇയാനിൽനിന്നുണ്ടായ പ്രതികരണത്തിൽ ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കണിക ഉണ്ടായിരുന്നുവെന്ന് പിതാവ് ടോണി ഓർത്തു.
എല്ലാ അവധിക്കാലത്തും ഈ മൊബൈൽഫോൺ തർക്കം പതിവായതിനാൽ ഇത്തവണ രണ്ടാഴ്ച മുന്നെയാണ് ഇയാൻ ബിസിനസ് താത്പര്യം മുന്നോട്ടുവെച്ചത്. പോർക്കും കായയും പിന്നെ ബീഫ് കട്‌ലറ്റും മാത്രം വിൽക്കുന്ന തട്ടുകടയുടെ രൂപരേഖയുണ്ടാക്കി. വീട്ടിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പരിചയം കൊണ്ട് മാതാവ് ലിൻസി പാചകത്തിന് പച്ചക്കൊടി കാണിച്ചു. ചേറൂർ കിണർ സ്റ്റോപ്പിനടുത്ത് പിതാവ് ടോണി ചാക്കോള സ്ഥലവും കണ്ടെത്തി നൽകി. സി.എ. വിദ്യാർത്ഥിനിയായ സഹോദരി ഐറിനും പിന്തുണയുമായി എത്തി.
ഇതോടെ ഏപ്രിൽ ഒന്നിന് ചാക്കോള തട്ടുകട യാഥാർഥ്യമായി. ദിവസവും രാവിലെ ആവശ്യമായ പോർക്കും ബീഫും വീട്ടിലെത്തും. ഉള്ളിയും ഉരുളക്കിഴങ്ങുമെല്ലാം അരിഞ്ഞ് ഇയാൻ മാതാവിനെ സഹായിക്കും. മൂന്നുകിലോ പോർക്കും ഒരുകിലോ ബീഫുമാണ് വാങ്ങാറ്. നാലുമണിയാകുമ്പോൾ എല്ലാസാധനങ്ങളുമായി കടയിലെത്തും. പിന്നെ എട്ടരവരെ വിൽപ്പന.
ഇയാന്റെ സംരംഭം കാണാൻ സഹപാഠികളും എത്തിയിരുന്നു. കടയിലെ കണക്കെഴുതാൻ ഒരു അക്കൗണ്ട് ബുക്കും പിതാവ് ടോണി മകന് നൽകിയിട്ടുണ്ട്. പുതിയ ആത്മവിശ്വാസത്തിന്റെ തിളക്കം ഇയാന്റെ കണ്ണുകളിൽ ഇപ്പോഴേ തെളിഞ്ഞുകഴിഞ്ഞു. കപ്പവിഭവങ്ങൾ കൂടി തയ്യാറാക്കി ബിസിനസ് വിപുലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സ്വപ്നവും ഇവൻ കാണുന്നു. അവധിക്കാലം അങ്ങനെ ഇയാന് ജീവിതത്തിന്റെ പഠനകാലമാകുകയാണ്.
Content Highlights: 9th standard students ian to become entrepreneur in spare time
Published: 05 Apr 2024, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented