മുംബൈ: അധ്യാപക യോഗ്യതാ പരീക്ഷയായ ടെറ്റിന്റെ (TET) പരീക്ഷാപേപ്പർ ചോർന്ന സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ബിഹാറിൽ പിടിയിൽ. ബ്രിജേഷ് ഗുപ്ത എന്നയാളാണ് പിടിയിലായത്. ഒരുമാസം നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവിലായിരുന്ന ബ്രിജേഷ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ബ്രിജേഷിന്റെ ഭാര്യ ഉൾപ്പെടെ നിരവധിപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ തുടർന്ന ഇയാൾക്കുവേണ്ടി പോലീസ് മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് 2024-ൽ ഇന്ത്യ ടുഡെ നടത്തിയ രഹസ്യാന്വേഷണത്തിൽ ബ്രിജേഷ് സംശയത്തിന്റെ നിഴലിലായിരുന്നു. സ്റ്റിങ് ഓപ്പറേഷനിടയിൽ ചോദ്യപേപ്പർ ചോർച്ചാ സംഘത്തിന്റെ പ്രവർത്തനരീതികൾ ഇയാൾ വെളിപ്പെടുത്തിയിരുന്നു.
എൻടിഎ യുടെ പരീക്ഷാ സംവിധാനത്തിലുള്ള പഴുതുകൾ ഈ സംഘങ്ങൾ ചൂഷണം ചെയ്‌തെന്നും ബ്രിജേഷ് അവകാശപ്പെട്ടിരുന്നു. അദ്ധ്യാപക യോഗ്യതാ പരീക്ഷ അടക്കം പല ചോദ്യപേപ്പർ ചോർച്ചകളിലും ഇയാൾ മുഖ്യപങ്ക് വഹിച്ചതായാണ് അന്വേഷണസംഘം കരുതുന്നത്.
കൂടുതൽ ചോദ്യംചെയ്യലുകൾക്കായി ബ്രിജേഷ് ഗുപ്തയെ മഹാരാഷ്ട്രയിൽ എത്തിക്കും. രാജ്യത്തുള്ള മറ്റ് ചോദ്യപേപ്പർ ചോർച്ചാസംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കേസിൽ ബ്രിജേഷിന്റെ ഭാര്യ സുമൻ ഗുപ്തയെ നേരത്തെ ബിഹാറിൽനിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഇവരുടെ സാന്നിധ്യത്തിലാണ് നടന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. ഈ പണമുപയോഗിച്ചാണോ ബിഹാറിലും പട്‌നയിലും ഇവർ സ്വത്തുക്കൾ വാങ്ങിയതെന്നും സംഘം അന്വേഷിക്കുന്നുണ്ട്.
താനെയിലെ കൊങ്കൂണിൽ ടെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ വിൽക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ജൂലൈ 28-നു നടക്കാനിരുന്ന പരീക്ഷക്കു മുൻപായിരുന്നു സംഭവം. തുടർന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്‌സാമിനേഷൻ പരീക്ഷ മാറ്റിവെച്ചു. ഏകദേശം ആറ് ലക്ഷം പരീക്ഷാർത്ഥികളെയാണ് ഇത് ബാധിച്ചത്.
ജൂലൈ മൂന്നിന് ഹരിയാന സ്വദേശി കപിൽ ദഹിയ, പുനെയിൽ ചോദ്യപേപ്പർ പ്രചരിപ്പിച്ച മിഥുൻ കുമാർ, വ്യാജരേഖകൾ ചമച്ച് ബ്രിജേഷ് ഗുപ്തയെ ദൗത്യത്തിൽ സഹായിച്ച സോനു സിങ് എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
ചോർന്ന ചോദ്യങ്ങൾ അച്ചടിച്ചത് സോനു സിങുമായി ബന്ധമുള്ള സ്ഥാപനങ്ങളിലാണെന്ന് പോലീസ് സംശയിക്കുന്നു. ഇയാൾ ബ്രിജേഷിനു വേണ്ടി നിർമ്മിച്ച വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. സോനുവിന് ബ്രിജേഷുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അന്തർസംസ്ഥാന ശൃംഖലകളിൽ നിർണായകമായ പങ്ക് ഇയാൾക്കുണ്ടെന്നും പോലീസ് വിശ്വസിക്കുന്നു.
Content Highlights: Mastermind Brijesh Gupta arrested in Bihar following a month-long manhunt., The leak affected the TET exam which was scheduled for July 28, impacting 6 lakh students., Multiple accomplices, including his wife Suman Gupta, were previously arrested., Investigation links the accused to broader inter-state exam paper leak networks., Authorities are probing financial transactions and assets linked to the illegal operation.
Published: 25 Jul 2026, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented