ചാലക്കുടി: മുരിങ്ങൂർ നരസിംഹമൂർത്തിക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ. കോഴിക്കോട് അഴീക്കോട് സ്വദേശി തേനായിവീട്ടിൽ അശ്വന്ത്‌ (34) ആണ് അറസ്റ്റിലായത്. രണ്ടുപവനും ഏഴ്‌ ഗ്രാമും തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണംപോയത്. ബാങ്കിൽ പണയംവെച്ച ആഭരണം കൊരട്ടി പോലീസ് കണ്ടെടുത്തു.

To advertise here,

അഞ്ചുവർഷമായി അശ്വന്ത് ക്ഷേത്രത്തിൽ ശാന്തിക്കാരനാണ്. ചുമതലയേറ്റപ്പോൾത്തന്നെ അശ്വന്തിന് ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള സ്വർണാഭരണങ്ങളുടെയും വെള്ളിപ്പാത്രങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ചുമതല നൽകിയിരുന്നു. ഇക്കഴിഞ്ഞ ദിവസം ക്ഷേത്രഭരണസമിതി അംഗങ്ങൾക്ക് സംശയം തോന്നിയതിനെത്തുടർന്ന് അശ്വന്തിനോട് തിരുവാഭരണങ്ങൾ കാണിച്ചുതരാൻ ആവശ്യപ്പെടുകയായിരുന്നു.

എല്ലാ കമ്മിറ്റി അംഗങ്ങളും വന്നാൽ മാത്രമേ കാണിക്കാനാകൂ എന്നായി പ്രതി. കഴിഞ്ഞ ദിവസം എല്ലാ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ക്ഷേത്രത്തിലെത്തി. തിരുവാഭരണങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ചിലത് ചാലക്കുടിയിലെ ബാങ്കിൽ പണയംവെച്ചതായി അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് രണ്ടുപവനും ഏഴുഗ്രാമും തൂക്കം വരുന്ന ആഭരണങ്ങൾ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് ശാന്തിക്കാരനെ കൊരട്ടി പോലീസിൽ ഏൽപ്പിച്ചു.

അശ്വന്ത് എറണാകുളം ഉദയംപേരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തട്ടിപ്പുകേസിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കൊരട്ടി എസ്എച്ച്ഒ അമൃതരംഗൻ, എസ്‌ഐമാരായ ഒ.ജി. ഷാജു, കെ.എ. ജോയ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.