കാസര്‍കോട്: തൃക്കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ട് പീഡിപ്പിച്ച സംഭവത്തില്‍ ആപ്പുകള്‍ നിരീക്ഷിക്കാന്‍ പോലീസ്. ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐടി വകുപ്പുള്‍പ്പെടെ കേസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന നടക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് തുറന്നതെങ്ങനെയെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ 23-കാരന്റെ സഹായത്താലാണ് ആപ്പില്‍ കയറിയതെന്നാണ് പോലീസിന്റെ നിഗമനം.

To advertise here,

14 വയസ്സുമുതല്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊണ്ടുപോയും കുട്ടിയെ പീഡിപ്പിച്ചു. ഇത് സംബന്ധിച്ച് കുട്ടിയുടെ മൊഴിയും മറ്റു ശാസ്ത്രീയതെളിവുകളും ഉപയോഗിച്ചാണ് പ്രതികളിലേക്കെത്തിയതും അറസ്റ്റ് ചെയ്തതും.

പ്രായപൂര്‍ത്തിയായെന്ന സ്വയം സമ്മതം അറിയിച്ചാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിച്ചത്. പ്രതികള്‍ തമ്മില്‍ പരസ്പരം ബന്ധമുള്ളവരല്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

placeholder
കേസില്‍ അറസ്റ്റിലായ കുഞ്ഞഹമ്മദ് വള്‍വക്കാട്, നാരായണന്‍

ഡേറ്റിങ് ആപ്പുകളില്‍ ചതിക്കുഴികളേറെ

കെവൈസി പോലുള്ള രേഖകള്‍ ആവശ്യപ്പെട്ടാലാണ് ഒരാള്‍ പ്രായപൂര്‍ത്തിയായോ ഇല്ലയോ എന്ന് തെളിയിക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്തിടത്തോളം ഉപയോക്താവ് നല്‍കുന്ന വിവരങ്ങളാണ് വാസ്തവമെന്ന് തെറ്റിദ്ധരിക്കപ്പെടും. ഇത്തരം പഴുതുകളാണ് പലരും ഉപയോഗപ്പെടുത്തുന്നത്. ഇവിടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ആപ്ലിക്കേഷനകത്തേക്ക് കടക്കാന്‍ സാധിച്ചത് അതുകൊണ്ടാണ്.

ഡേറ്റിങ് ആപ്പ് അടക്കം എല്ലാ ആപ്ലിക്കേഷനും ഉപയോഗിക്കുമ്പോള്‍ പരസ്പരം ചാറ്റ് ചെയ്യാന്‍ കഴിയുന്നുണ്ട്. ഇങ്ങനെയാണ് ആളുകള്‍ തമ്മില്‍ ബന്ധപ്പെടുന്നത്. നിരന്തരമായ ചാറ്റുകള്‍ക്കൊടുവിലാണ് ആളുകള്‍ അപ്പുറത്തുള്ളയാളെ ലക്ഷ്യമിടുന്നത്. ആഴത്തില്‍ ബന്ധം സ്ഥാപിച്ചശേഷം ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ആപ്പുകളെ നിരോധിക്കുന്നതടക്കമുള്ള സംവിധാനങ്ങളുണ്ട്. അത്തരത്തിലുള്ള നടപടികളൊക്കെയും നയപരമായ കാര്യങ്ങളാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

placeholder
കേസില്‍ അറസ്റ്റിലായ പി.കെ അഫ്‌സല്‍, റംസാന്‍

രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം

എല്ലാത്തിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുമ്പോഴും പഠനാവശ്യങ്ങള്‍ക്കോ മറ്റേതെങ്കിലും കാര്യത്തിനോ കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ അത്യാവശ്യമാണ്. ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ നല്ലതും ചീത്തയും ഏതെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. കുട്ടികള്‍ അധികസമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് രക്ഷിതാക്കള്‍ നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രൊഫൈല്‍ ലോക്ക് ചെയ്യണം

ഏത് ആപ്ലിക്കേഷനിലും പ്രൊഫൈലുകള്‍ സ്വകാര്യമായി ലോക്ക് ചെയ്ത് സൂക്ഷിക്കണം. മറ്റൊരാള്‍ പ്രൊഫൈല്‍ പരിശോധിക്കാനിടവന്നാല്‍ ഫോട്ടോകളും വീഡിയോകളും പുറത്തേക്ക് പോകുമെന്നും അതുവഴിയുള്ള ചൂഷണങ്ങള്‍ക്കും സാധ്യതയുണ്ടെന്നും എഐ കാലത്ത് മോര്‍ഫിങ് ഉള്‍പ്പെടെ വേഗത്തില്‍ നടക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇക്കാര്യത്തില്‍ ബോധവത്കരണം അത്യാവശ്യമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.