ചെന്നൈ: അൻപത്തിയാറുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ട് ആൺമക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.

To advertise here,

തിരുവള്ളൂർ പോത്താട്ടൂർപേട്ടൈ സ്വദേശിയും ഗവ. സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇ.പി. ഗണേശനാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ പാമ്പ് കടിയേറ്റ് മരിച്ചത്. വീട്ടിൽവെച്ച് ഗണേശന് പാമ്പ് കടിയേറ്റെന്നായിരുന്നു വീട്ടുകാരുടെ മൊഴി. തുടർന്ന് അപകടമരണമായി പോലീസ് കേസെടുക്കുകയുംചെയ്തു. എന്നാൽ, ഗണേശന്റെ പേരിലുള്ള ഇൻഷുറൻസ് പോളിസിയുടെ ക്ലെയിം നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് മരണത്തിൽ സംശയമുയർന്നത്. ഗണേശന്റെ പേരിൽ ഉയർന്ന തുകയുടെ ഒട്ടേറെ പോളിസികൾ എടുത്തിരുന്നതും വീട്ടുകാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയുമാണ് ഇൻഷുറൻസ് കമ്പനി അധികൃതർക്ക് സംശയത്തിനിടയാക്കിയത്. മരണം സംഭവിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇൻഷുറൻസ് അധികൃതർക്ക് സംശയംതോന്നി. ഇതോടെ ഇൻഷുറൻസ് കമ്പനി തമിഴ്‌നാട് നോർത്ത് ഐജിക്ക് പരാതി നൽകി. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഈ അന്വേഷണത്തിലാണ് ഇൻഷുറൻസ് തുകയ്ക്കായി മക്കൾ തന്നെയാണ് ഗണേശനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. തുടർന്ന് മക്കളായ മോഹൻരാജ്(26), ഹരിഹരൻ(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതകത്തിന് മുൻപായി പ്രതികൾ അച്ഛന്റെ പേരിൽ മൂന്നുകോടിയോളം രൂപയുടെ ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നു. ഇതിനുശേഷമാണ് അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക കൈക്കലാക്കാനുള്ള ശ്രമം ആരംഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം സംഭവം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ചില സഹായികൾ വഴി വിഷപ്പാമ്പുകളെ സംഘടിപ്പിച്ചു. ഗണേശൻ പാമ്പ് കടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുൻപാണ് പ്രതികൾ ആദ്യ കൊലപാതകശ്രമം നടത്തിയത്. മൂർഖനെ ഉപയോഗിച്ച് പിതാവിന്റെ കാലിൽ കടിപ്പിച്ചെങ്കിലും മാരകമായി വിഷമേൽക്കാത്തതിനാൽ കൊലപാതകശ്രമം പാളിപ്പോയി. തുടർന്ന് ഗണേശനെ വീട്ടുകാരും അയൽക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു.

ആദ്യശ്രമം പാളിയതോടെ പദ്ധതിയിൽ മാറ്റംവരുത്താൻ പ്രതികൾ തീരുമാനിച്ചു. ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെയാണ് ഇത്തവണ പ്രതികൾ എത്തിച്ചത്. തുടർന്ന് സംഭവദിവസം പുലർച്ചെ അച്ഛൻ ഉറങ്ങുന്നതിനിടെ പാമ്പിനെക്കൊണ്ട് കഴുത്തിൽ കടിപ്പിച്ചു. പിന്നീട് ഈ പാമ്പിനെ പ്രതികൾ തന്നെ അടിച്ചുകൊന്നു. അതേസമയം, പാമ്പ് കടിയേറ്റിട്ടും ഏറെ വൈകിയാണ് ഗണേശനെ മക്കൾ ആശുപത്രിയിലെത്തിച്ചിരുന്നത്. ഇതും പിന്നീട് സംശയത്തിനിടയാക്കി.

സംഭവത്തിൽ ഗണേശന്റെ രണ്ട് മക്കൾക്ക് പുറമേ ഇവർക്ക് സഹായം നൽകിയ നാലുപേരെയും പോലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.