
ഹൈദരാബാദ്: ഹൈദരാബാദിൽ ഐ.വി.എഫ്, ഫെർട്ടിലിറ്റി സെന്ററുകളുടെ മറവിൽ പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന അണ്ഡക്കടത്ത് മാഫിയ സംഘത്തെ പോലീസ് പിടികൂടി. ബെഗംപേട്ടിലെ പ്രകാശ് നഗർ, എരഗഡ്ഡ, സരൂർനഗർ, ഗോപാലപുരം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും 43 സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിർധനരായ സ്ത്രീകളാണ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ടത്.
ഒരു അണ്ഡദാന പ്രക്രിയയ്ക്ക് 20,000 രൂപ മുതൽ 30,000 രൂപവരെ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം സ്ത്രീകളെ ആകർഷിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏജന്റുമാർ വഴി ഇവർക്ക് യാത്ര സൗകര്യമൊരുക്കുകയും വാടകവീടുകളിൽ താമസിപ്പിച്ച് ഫെർട്ടിലിറ്റി കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയുമായിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് കൃത്യമായ വൈദ്യപരിശോധനകളില്ലാതെ ഹോർമോൺ കുത്തിവെപ്പുകളും മരുന്നുകളും നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞു. റെയ്ഡിൽ ഹ്യൂമോഗ് എച്ച്.പി ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ എന്നിവയും രേഖകളും ഫോണുകളും പോലീസ് പിടിച്ചെടുത്തു.
കേസിൽ പ്രധാന സൂത്രധാരനായ അമിത് ശർമ്മ (44), സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്ന നിക്കത് പർവീൺ (31) എന്നിവരുൾപ്പെടെ എട്ടുപേരാണ് പിടിയിലായത്. പ്രകാശ് നഗറിൽ പ്രതിമാസം 50,000 രൂപ വാടകയ്ക്ക് വീടെടുത്ത് കഴിഞ്ഞ രണ്ടു വർഷമായി അമിത് ശർമ്മ ഈ അനധികൃത പ്രവർത്തനം നടത്തി വരികയായിരുന്നു. കേസിൽ ഐ.വി.എഫ് ഏജന്റായ രേഷ്മ ഖാത്തൂൺ (26), മെഡിക്കൽ ഏകോപനം നടത്തിയ മേഘാവത് ശ്രീനിവാസ് (23), എ.ആർ.ടി. ബാങ്ക് മാനേജരായ ജെപ്രേ പ്രദീപ് (27), രേഖകൾ കൈകാര്യം ചെയ്ത വിജയ് ഭഗവാൻ റാവു സാളുങ്കെ (46), പങ്കജ് സോണി (52), എസ്.കെ. പർവീൺ (42) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇതിനുപുറമെ സരൂർനഗറിലെ വ്യവസായിയായ എമിരിഷെട്ടി ദുർഗ്ഗ പ്രസാദ് (42) എന്നയാളും പിടിയിലായിട്ടുണ്ട്.
വ്യാജ ആധാർ കാർഡുകൾ, സത്യവാങ്മൂലങ്ങൾ, സമ്മതപത്രങ്ങൾ, മെഡിക്കൽ രേഖകൾ എന്നിവ നിർമ്മിച്ചാണ് മാഫിയ പ്രവർത്തനം നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്ത്രീകൾക്ക് തുടർച്ചയായി അണ്ഡദാനം നടത്തേണ്ടി വന്ന സാഹചര്യം, സാമ്പത്തിക ഇടപാടുകൾ, ഏജന്റുമാർക്ക് നൽകിയ കമ്മീഷൻ എന്നിവ പോലീസ് അന്വേഷിച്ചു വരികയാണ്.
Published: 01 Nov 2026, 05:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented