കൊച്ചി: കാലടിയിൽ വൻ മയക്ക് മരുന്നുവേട്ട.16 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിദുൽ ഇസ്ലാം (31), വെസ്റ്റ് ബംഗാൾ മാൽഡ സ്വദേശി ഹസനൂർ ഇസ്ലാം (33) എന്നിവരേയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.

To advertise here,

ജില്ലാ പോലീസ് മേധാവി എം. ഹേമലതയക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പതിനാറ് കിലോ കഞ്ചാവുമായി പ്രതികൾ പിടിയിലായത്. സംഘം കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ഒഡീഷയിൽനിന്നാണ് കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത്. കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് ഒഡീഷയിൽനിന്ന്  വാങ്ങുന്ന കഞ്ചാവ് ഇരുപത്തിഅയ്യായിരം രൂപ നിരക്കിൽ സംസ്ഥാനത്ത് വിൽപ്പന നടത്തി മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതി. ട്രെയിൻ മാർഗമായിരുന്നു സംഘം കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത്. അങ്കമാലിയിൽ തീവണ്ടിയിറങ്ങി ഓട്ടോറിക്ഷയിലാണ് മരോട്ടിച്ചുവടിൽ എത്തിയത്. കാലടി മേഖലയിൽ വിൽക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ്  ഇവരെ കസ്റ്റഡിയിലെടുത്തത്. 

അതേസമയം, പ്രതികളിൽനിന്ന് ആരൊക്കെയാണ് കഞ്ചാവ് വാങ്ങുന്നതെന്നും അവർ ആർക്കൊക്കെയാണ് വിൽപ്പന നടത്തുന്നതെന്നടക്കമുള്ള വിവരങ്ങൾ പോലീസ് പരിശോധിക്കുകയാണ്. 

പെരുമ്പാവൂർ എ എസ് പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐ ജെയിംസ് മാത്യു, എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ് , നൈജോ സെബാസ്റ്റ്യൻ ഷൈജു അഗസ്റ്റിൻ, ബോബി കുര്യാക്കോസ്, സീനിയർ സി പി ഒ മാരായ, വർഗീസ് ടി വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക്, സി പി ഒ മാരായ കെ.പി സജീവ്, നിസാമുദ്ദീൻ, നവീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.