കൊച്ചി: ലഹരി ഉപയോഗിച്ചതിനും ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതിനുമുള്ള കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് നടനെ പോലീസ് വിട്ടയച്ചത്. ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഷൈന്‍ ടോം ചാക്കോ എറണാകുളം ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനില്‍നിന്ന് മടങ്ങി. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിങ്കളാഴ്ച തന്നെ ഹാജരാകാമെന്ന് നടൻ അറിയിച്ചു. അതിനാൽ, തിങ്കളാഴ്ച നടനെ വീണ്ടും ചോദ്യംചെയ്തേക്കും. 

To advertise here,

അച്ഛന്റെയും അമ്മയുടെയും ജാമ്യത്തിലാണ് ഷൈന്‍ ടോം ചാക്കോയെ പോലീസ് വിട്ടയത്. മാതാപിതാക്കളാണ് നടന് ജാമ്യക്കാരായതെങ്കിലും സഹോദരനും സുഹൃത്തുക്കളും അഭിഭാഷകരും സ്‌റ്റേഷനിലെത്തിയിരുന്നു. അതേസമയം, ജാമ്യത്തിലിറങ്ങിയ ഷൈന്‍ ടോം ചാക്കോ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നില്ല തിരികെപ്പോയത്. സുഹൃത്തുക്കള്‍ക്കും അഭിഭാഷകര്‍ക്കും ഒപ്പമാണ് അദ്ദേഹം സ്റ്റേഷനില്‍നിന്ന് മടങ്ങിയത്. 

കൊച്ചിയിലെ ഹോട്ടലില്‍ പോലീസ് ഡാന്‍സാഫ് ടീമിന്റെ പരിശോധനയ്ക്കിടെ മുറിയില്‍നിന്ന് ചാടിയോടിയതോടെയാണ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ അന്വേഷണമുണ്ടായത്. തുടര്‍ന്ന് കേരളം വിട്ട ഷൈന്‍ ടോം ചാക്കോയോട് ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. ഇതനുസരിച്ച് ചോദ്യംചെയ്യലിന് ഹാജരായ ഷൈന്‍ ടോം ചാക്കോയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍ഡിപിഎസ് ആക്ടിലെ 27,29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം കണ്ടെത്താനായി നടൻ്റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകളെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു.

അതിനിടെ, ഷൈന്‍ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരനായ സജീറുമായുള്ള ബന്ധവും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ ചോദ്യംചെയ്യലില്‍ സമ്മതിച്ചെങ്കിലും പോലീസ് പരിശോധനയ്ക്ക് വന്നദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി.