ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ 1.68 കോടി രൂപയും 6.75 കിലോ സ്വര്‍ണവും പിടിച്ചെടുത്തു.
സതീഷ് കൃഷ്ണ സെയിലിന്റെയും കൂട്ടുപ്രതികളുടെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും പിടിച്ചത്. 14.13 കോടി രൂപ നിക്ഷേപമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രേഖകളും ഇ-മെയിലും പരിശോധനയില്‍ കണ്ടെത്തിയെന്നും ഇഡി അറിയിച്ചു. കഴിഞ്ഞദിവസം കര്‍ണാടകത്തിലും മുംബൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. വനംവകുപ്പ് പിടിച്ചെടുത്ത ഇരുമ്പയിര് ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറിലെ ബെലെക്കേരി തുറമുഖത്തുനിന്ന് മോഷ്ടിച്ചുകടത്തിയെന്നാണ് സതീഷ് സെയില്‍ മാനേജിങ് ഡയറക്ടറായ ശ്രീമല്ലികാര്‍ജുന്‍ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്വകാര്യ കമ്പനികളുടെപേരിലുള്ള കേസ്. 2010-ല്‍ രജിസ്റ്റര്‍ചെയ്ത കടത്തുമായി ബന്ധപ്പെട്ട ആറ് കേസുകളില്‍ എംഎല്‍എയ്ക്കും മറ്റ് ആറുപേര്‍ക്കും വിചാരണക്കോടതി ഏഴുവര്‍ഷം വീതം കഠിനതടവുശിക്ഷ വിധിച്ചെങ്കിലും കര്‍ണാടക ഹൈക്കോടതി ശിക്ഷനടപ്പാക്കുന്നത് സ്റ്റേചെയ്തു. എന്നാല്‍, ഈ കേസിന്റെ അടിസ്ഥാനത്തില്‍ ഇഡി കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
Content Highlights: ED seizes ₹1.68 crore and 6.75 kg gold in raids connected to case involving Congress MLA
Published: 16 Aug 2025, 09:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented