
മുരാരി ബാബുവിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണത്തിൽ ധൃതിവേണ്ടെന്ന നിലപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). പ്രതികളായ മുരാരി ബാബുവിനെയും എസ്. ശ്രീകുമാറിനെയും വിശദമായി ചോദ്യംചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മറ്റുപ്രതികളേയും ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെങ്കിലും ഉടൻ അറസ്റ്റുണ്ടാവില്ല.
അറസ്റ്റുചെയ്താൽ 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും നൽകണമെന്നാണ് ചട്ടം. ഇതിന് സാധിക്കാതെവന്നാൽ പ്രതികൾ ജയിൽമോചിതരാകുന്ന സ്ഥിതിവിശേഷമുണ്ടാകും. പ്രതികളെ അറസ്റ്റുചെയ്യുകയും എന്നാൽ, കുറ്റപത്രം യഥാസമയം നൽകാൻ സാധിക്കാതെവരുകയുംചെയ്ത എസ്.ഐ.ടി.യുടെ അബദ്ധം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് ഇ.ഡി. അന്വേഷണസംഘം.
ശബരിമല സ്വർണക്കൊള്ളയിൽ കഴിഞ്ഞവർഷം ഒക്ടോബറിൽത്തന്നെ ഇ.ഡി. അന്വേഷണം തുടങ്ങിയെങ്കിലും ജനുവരി ഒൻപതിനാണ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) ഫയൽചെയ്തത്. ഇതിനുശേഷം ജനുവരി 20-ന് കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലുമുൾപ്പെടെയുള്ള 21 ഇടങ്ങളിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.
പ്രതികളുടെ ചോദ്യംചെയ്യലുകൾക്ക് തുടക്കമിട്ടത് ഫെബ്രുവരി മൂന്നിനാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കഴിഞ്ഞയാഴ്ച ജയിൽമോചിതനായ സ്ഥിതിക്ക് ഉടൻ ചോദ്യംചെയ്യാനുള്ള സമൻസ് നൽകും. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിൽ പ്രതികളല്ലാത്തവരുടേതുൾപ്പെടെയുള്ള ചോദ്യംചെയ്യൽ. മുൻദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്, നടൻ ജയറാം എന്നിവരുൾപ്പെടെ ഈ പട്ടികയിൽ വന്നേക്കാം.
ശബരിമലക്കേസിൽ തൊണ്ടിമുതൽ കണ്ടെത്താൻ എസ്.ഐ.ടി.ക്ക് വെല്ലുവിളിയാണെങ്കിൽ ഇ.ഡി. അന്വേഷണത്തിൽ തൊണ്ടിമുതൽ നിർണായകമല്ല. ശബരിമലയിൽനിന്ന് സ്വർണം മോഷണംപോയി എന്ന് ഉറപ്പിക്കുകമാത്രമാണ് അന്വേഷണസംഘം ചെയ്യുക. അതുപയോഗിച്ച് പ്രതികൾ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുക എന്നതാണ് പ്രധാനദൗത്യം.
Content Highlights: Sabarimala gold heist investigation by ED proceeds cautiously. Arrests delayed to ensure timely chargesheet, preventing early release of accused. Learn more.
Published: 09 Feb 2026, 06:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented