കോഴിക്കോട്: മോഡലും വ്‌ളോഗറുമായ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മെഹ്നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് പോലീസ് നീക്കം. ചോദ്യം ചെയ്യലിനെത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ഹാജരായിരുന്നില്ല. 

To advertise here,

ഭര്‍ത്താവ് മെഹ്നാസിനൊപ്പം താമസിച്ചിരുന്ന റിഫയുടെ മരണത്തിനുപിന്നിലെ ദുരൂഹത കണ്ടെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം പരാതി നല്‍കിയത്. തുടര്‍ന്നാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും മെഹ്നാസിന്റെ പേരില്‍ കേസെടുത്തത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണകുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മെഹ്നാസിനെതിരേ കേസെടുത്തിരിക്കുന്നത്. 

കുടുംബം ദുരൂഹത ആരോപിച്ചതിനെതുടര്‍ന്നാണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അതേസമയം റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ആന്തരികാവയവങ്ങളിലെ രാസപരിശോധന റിപ്പോര്‍ട്ടുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.