കൊച്ചി: വാഹനങ്ങൾ പണയത്തിനു നൽകിയ ശേഷം അത് മോഷ്ടിച്ച് മറ്റാളുകൾക്ക് വീണ്ടും നൽകി പണം തട്ടുന്ന സംഘം വിലസുന്നു. 'റെന്റ് എ കാബ്' ബിസിനസിന് ലൈസൻസോ വാഹനങ്ങളോ ഇല്ലാത്ത സ്വകാര്യ വാഹനങ്ങളാണ് ആർ.സി.ബുക്കിലും നമ്പർ പ്ലേറ്റിലും കൃത്രിമം നടത്തി ആളുകളെ പറ്റിക്കുന്നത്. ഒരാഴ്ചയ്ക്കിടെ മൂന്നും നാലും പേരുമായി പണയക്കരാർ വെച്ച് പണം തട്ടും. കാർ നൽകി ഒന്നോ രണ്ടോ ദിവസത്തിനകം അത് മോഷ്ടിച്ചെടുത്ത് അടുത്തയാൾക്ക് കൊടുക്കും.
സമൂഹ മാധ്യമങ്ങളിലൂടെ റെന്റ് എ കാബ് പരസ്യം നൽകിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. വിദേശത്തുനിന്ന് അവധിക്ക് വരുന്നവരും വിവാഹ ആവശ്യങ്ങൾക്ക് വാഹനം വേണ്ടവരുമാണ് പലപ്പോഴും തട്ടിപ്പിനിരയാകുന്നത്. നമ്പർ പ്ലേറ്റ്, ആർ.സി.ബുക്ക് എന്നിവ പലപ്പോഴും വ്യാജമായിരിക്കും.
കഴിഞ്ഞയാഴ്ച കൊച്ചിയിൽ നടന്നത്
വൈപ്പിൻ സ്വദേശി സുനിലും കുടുംബവും 1.5 ലക്ഷം രൂപ നൽകി ആറുമാസത്തേക്കാണ് കാർ വാടകയ്‌ക്കെടുത്തത്. ഓൺലൈനിൽ കണ്ട പരസ്യത്തിൽ വിളിച്ചപ്പോൾ സംഘം കാറുമായി വീട്ടിൽ വന്നു. വാഹനം ഓടിച്ചു കാണിച്ച ശേഷം വീട്ടുമുറ്റത്ത് കാർ നിർത്തി വാഹനവുമായി വന്നവർ പണവുമായി മടങ്ങി. വൈകീട്ട് കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ അനങ്ങുന്നില്ല. കാർ തന്നവരെ വിളിച്ചപ്പോൾ താക്കോലിനുള്ളിലെ ബാറ്ററി മാറിയാൽ മതിയെന്ന് പറഞ്ഞു. കീ തുറന്നു നോക്കിയപ്പോഴാണ് സെൻസറില്ലാത്ത ഡ്യൂപ്ലിക്കേറ്റ് താക്കോലാണെന്ന് മനസ്സിലായത്. തട്ടിപ്പ് ബോധ്യമായതോടെ വാഹനം കളവുപോകാനുള്ള സാധ്യത മുന്നിൽക്കണ്ട് വീട്ടിൽക്കിടക്കുന്ന കാറിന്റെ ടയർ നട്ടുകൾ പകുതി ഊരിവെച്ചു. പ്രതീക്ഷിച്ചപോലെ രാത്രി കാറെടുക്കാൻ ആളെത്തി. വാഹനവുമായി കുതിച്ചുപാഞ്ഞയുടൻ ഒരു ടയർ ഊരിപ്പോയി. എങ്കിലും വാഹനവുമായി അഞ്ഞൂറ് മീറ്ററോളം ഒാടിച്ചു. നാട്ടുകാരും ചേർന്നതോടെ പ്രതിയായ 21-കാരൻ പിടിയിലായി. പോലീസെത്തി, ചോദ്യം ചെയ്തപ്പോൾ വാഹനത്തിന്റെ ആർ.സി.ബുക്കും നമ്പർ പ്ലേറ്റും വ്യാജമാണെന്നു കണ്ടെത്തി. മലപ്പുറം സംഘമാണ് ഇതിനുപിന്നിലെന്നും കണ്ടെത്തി. കമ്പനി നൽകുന്ന ഒറിജിനൽ താക്കോൽ കൈവശം വെച്ചാണ് ഇവർ ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി കാർ ഓടിച്ചു കാണിച്ചതെന്നും ബോധ്യമായി.
വിവാഹ ആവശ്യത്തിനായി ഏഴ് സീറ്റുള്ള കാർ വാടകയ്‌ക്കെടുത്ത കൊച്ചി സ്വദേശിക്കുണ്ടായത് മറ്റൊരു അനുഭവം. വിവാഹ മോതിരവും വീട്ടുകാർക്കും മറ്റുമുള്ള വസ്ത്രങ്ങളും വാങ്ങി കാറിൽ വെച്ച് തിരിച്ചുവന്നപ്പോൾ കാർ കാണാനില്ല. നമ്പർ പ്ലേറ്റ് വ്യാജമായിരുന്നതിനാൽ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വാടകയ്ക്കെടുത്ത മറ്റൊരു കാർ മോഷണം പോയെന്ന പരാതിയിൽ നടത്തിയ പോലീസ് അന്വേഷണത്തിൽ ഒൻപത് ദിവസത്തിനുശേഷം ഗോവയിൽനിന്നാണത് കണ്ടെത്തിയത്. ഇതിനിടെ കാർ ഏഴുപേർക്ക് കൈമാറിയതായും കണ്ടെത്തി.
’റെന്റ് എ കാബ്’ ബിസിനസിനും ഭീഷണി
നിബന്ധനകൾ പാലിച്ച് റെന്റ് എ കാബ് ബിസിനസ് നടത്തുന്നവർക്കും തട്ടിപ്പ് സംഘം ഭീഷണിയുയർത്തുന്നുണ്ട്. 50 വാഹനങ്ങൾ സ്വന്തമായുള്ള, പാർക്കിങ് സൗകര്യമുള്ള, കമ്പനികൾക്കേ റെന്റ് എ കാബ് സംരംഭം തുടങ്ങാനാകൂ. നമ്പർപ്ലേറ്റ് കറുത്ത ബോർഡിൽ മഞ്ഞ അക്ഷരങ്ങൾകൊണ്ടാണ് എഴുതുന്നത്. വാടകയ്ക്കെടുക്കുന്ന ആളുടെ തിരിച്ചറിയൽ രേഖകൾ വാങ്ങി കരാർ ഒപ്പുവെച്ചശേഷമാണ് വാഹന കൈമാറ്റമെന്ന് കൊച്ചിയിലെ സബർബൻ കമ്പനി ഉടമ സി.പി. അജിത് കുമാർ പറയുന്നു. കേരളത്തിൽ 10-ലധികം അംഗീകൃത കമ്പനികളിലായി നൂറുകണക്കിന് കാബുകൾ നിയമപരമായി വാടകയ്ക്ക് കൊടുക്കുന്നുണ്ട്.
സ്വകാര്യ വാഹനങ്ങൾ പണയത്തിനു നൽകാൻ പാടില്ലെന്നാണ് നിയമം. തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കാൻ പോലീസും മുന്നറിയിപ്പ് നൽകുന്നുണ്ട്. പണയത്തിനെടുത്ത വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: rent a cab Money laundering gang
Published: 21 Sept 2024, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented