കാസര്‍കോട്:  വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ കാസര്‍കോട് ചന്തേര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാല്‍ കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയക്കും. 

To advertise here,

കേസില്‍ ഷിയാസ് കരീമിന്റെ പ്രാഥമിക ചോദ്യംചെയ്യല്‍ പോലീസ് പൂര്‍ത്തിയാക്കിയതായാണ് വിവരം. അന്വേഷണവുമായി സഹകരിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശം നല്‍കിയിരുന്നു. 

വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് ചന്തേര സ്വദേശിനിയായ യുവതിയാണ് ഷിയാസ് കരീമിനെതിരേ പരാതി നല്‍കിയിരുന്നത്. വിദേശത്തുനിന്നെത്തിയ ഷിയാസ് കരീം വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. 

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ കസ്റ്റംസ് വിഭാഗം തടഞ്ഞുവെച്ച ഷിയാസിനെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിയാല്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പിച്ചതിനാലാണ് ചെന്നൈ വഴി നാട്ടിലേക്കെത്താന്‍ ശ്രമിച്ചതെന്നാണ് സൂചന. 

എറണാകുളത്ത് ജിംനേഷ്യം നടത്തുന്ന ഷിയാസ് ട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയതുകണ്ടാണ് 32-കാരി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ ഷിയാസ് വാങ്ങിയതായും യുവതി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും രണ്ടുതവണ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും മാര്‍ച്ച് 21-ന് ചെറുവത്തൂരിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്നും ആരോപിക്കുന്നുണ്ട്. പരാതിക്കാരി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. പരസ്യമോഡലായി രംഗത്തെത്തിയ ഷിയാസ് പെരുമ്പാവൂര്‍ സ്വദേശിയാണ്.