റായ്പുർ: ഛത്തീസ്ഗഢിലെ മഹാസമുന്ദിൽ ജയിൽച്ചാട്ടം. ജില്ലാ ജയിലിൽനിന്ന് നാല് വിചാരണത്തടവുകാരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്നുപേരും ഒരു മോഷണകേസ് പ്രതിയുമാണ് ജയിൽ ചാടിയത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

To advertise here,

ജയിലിലെ അഞ്ചാം നമ്പർ ബാരക്കിൽ കഴിഞ്ഞിരുന്ന തടവുകാർ മതിൽ ചാടുകയായിരുന്നുവെന്ന് അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് സന്ദീപ് കുമാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പോലീസ് തിരച്ചിൽ ആരംഭിച്ചു. മോഷണക്കേസിൽ അറസ്റ്റിലായ പഞ്ചുറാം നിഷാദ്, മയക്കുമരുന്ന് കേസുകളിൽ പ്രതികളായ രാജേന്ദ്ര രാജ് ചൗധരി, ധരംവീർ യോഗി, ലിലാധർ പാൽ എന്നിവരാണ് രക്ഷപ്പെട്ടത്.

പോലീസ് സ്റ്റേഷനുകളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് തടവുകാർ എങ്ങനെ ജയിൽമതിലിന് സമീപം എത്തിയെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

2021 മേയിലും ഇതേ ജയിലിൽ സമാനമായ രീതിയിൽ അഞ്ച് തടവുകാർ ജയിൽച്ചാട്ടം നടത്തിയിരുന്നു. ബലാത്സംഗക്കേസിൽ വിചാരണ നേരിടുന്ന ഒരാളും അന്ന് രക്ഷപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.