ശരവേഗത്തിൽ കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന യുവനേതാവ് അതിനേക്കാൾ വേഗതയിൽ അപ്രസക്തനാകുന്ന, കുപ്രസിദ്ധിയുടെ മുനമ്പിലേക്ക് ഉയരുന്ന കാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടു. പാർട്ടിയെ പകരംവെക്കാനില്ലാത്ത നാണക്കേടിലേക്ക് തള്ളിവിട്ട് കടുത്ത തീരുമാനങ്ങളിലേക്ക് എത്തിച്ച രാഹുൽ, ആരോപണങ്ങളുടെ കാർമേഘത്തിനുള്ളിലകപ്പെട്ട് ഇപ്പോൾ രാഷ്ട്രീയ ജീവിതം തന്നെ ചോദ്യമുനയിലെത്തിച്ചിരിക്കുകയാണ്.
2006-ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പഠന കാലത്താണ് കെഎസ്‌യുവിലൂടെ രാഹുൽ വിദ്യാർഥിരാഷ്ട്രീയത്തിലെത്തുന്നത്. 2009 മുതൽ 2017 വരെ കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറി. 2017-ൽ ജില്ലാ പ്രസിഡന്റ്. 2017-18-ൽ സംസ്ഥാന ജനറൽ സെക്രട്ടറി. 2018 മുതൽ 21 വരെ എൻഎസ്‌യു ദേശീയ ജനറൽ സെക്രട്ടറി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, പ്രസിഡന്റ്, 2020-ൽ കെപിസിസി അംഗം. 2023ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. 2024ൽ പാലക്കാട് എംഎൽഎ. കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഈ യുവനേതാവിന്റെ വളർച്ച ചെറിയ കാലയളവിനുള്ളിലായിരുന്നു.
ചാനൽ ഫ്ലോറുകളിൽ നിന്ന് താരപരിവേഷത്തിലേക്ക്
കോൺഗ്രസ് വക്താവായി ചാനൽ ഫ്ലോറുകളിൽ ചർച്ചയ്ക്കെത്തി തുടങ്ങിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന വ്യാപകമായി ശ്രദ്ധ നേടുന്നത്. നാവുക്കൊണ്ട് എതിരാളികളെ തകർക്കാനുള്ള കഴിവുകൊണ്ട് പാർട്ടിക്കുള്ളിൽ യുവനിരയുടെ ശബ്ദമായും നേതാവായും പെട്ടെന്ന് വളർന്ന രാഹുൽ മുതിർന്ന നേതാക്കളുടെയും പ്രിയപ്പെട്ടവനായി. ‘ഹു കെയേഴ്‌സ്’ എന്നുപറഞ്ഞ് പാർട്ടിക്കുള്ളിലേയും പുറത്തെയും മുറുമുറപ്പുകളെ വകവെക്കാതെ മുന്നോട്ടുപോയ നേതാവിന്റെ പതനം നാണംക്കെട്ട പതനമെന്നല്ലാതെ മറ്റൊന്നും പറയാനാവില്ല. വാക്കിന്റെ മൂർച്ച നഷ്ടപ്പെട്ട് സ്വയംപ്രതിരോധത്തിന് വാക്കുകളില്ലാതെ ക്യമറകൾക്കുമുന്നിൽ ദയനീയനായി ഒടുവിൽ രാത്രിക്ക് രാത്രി ഒളിവുകേന്ദ്രത്തിലേക്ക് ഓടിയൊളിച്ച രാഹുലിന്റെ പതനവും ശരവേഗത്തിൽ തന്നെ.
വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന വ്യാജ തിരിച്ചറിയൽ കാർഡ് വിവാദമായിരുന്നു ഇതിന് മുന്നേ രാഹുലിനെതിരെ ഉയർന്നത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാന വ്യാപകമായി വിഷയം ചർച്ചചെയ്യപ്പെടുകയും എതിർപാർട്ടികൾ സമരശബ്ദം ഉയർത്തുകയും ചെയ്തിട്ടും രാഹുൽ വാക്കിന്റെ മൂർച്ചയിൽ പിടിച്ചുനിൽക്കുകയും നേതൃത്വം പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
അംഗങ്ങളെ ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയിൽ രേഖ വ്യാജമായി ഉണ്ടാക്കിയെന്നായിരുന്നു ഉയർന്ന ആരോപണം. വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ച ആപ്പിന്റെ വിവരങ്ങളടക്കം പുറത്തുവന്നു. വ്യാജ തിരിച്ചറിയിൽ രേഖ നിർമാണം രാജ്യദ്രോഹക്കുറ്റമാണെന്ന് ബി.ജെ.പിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിമറി ലക്ഷ്യമിട്ടുള്ള റിഹേഴ്‌സലാണെന്ന് ഇടതുപാർട്ടികളും ആരോപണവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷനും വിഷയത്തിൽ ഇടപ്പെട്ടതോടെ കോൺഗ്രസ് വെട്ടിലായി. ഇതോടെ രാഹുൽ വ്യാജനായി. വ്യാജനെന്ന വിമർശനം സൈബർ ലോകത്ത് ആഞ്ഞടിച്ചു.
ഡിസംബർ 4ന് സത്യപ്രതിജ്ഞ, ഒരു വർഷത്തിനിപ്പുറം അതേദിവസം രാജി ആവശ്യപ്പെട്ട് പാർട്ടി
പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ എംപിയായി ലോക്സഭയിലേക്ക് പോയതോടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് 2024 ഡിസംബർ നാലിന് രാഹുൽ സത്യപ്രതിജ്ഞ ചെയ്ത് നിയമസഭയിലെത്തിയത്. തിരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി. ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ് രാഹുലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. നിയമസഭാംഗമായി ഒൻപതുമാസത്തിനകം സ്ത്രീപീഡനാരോപണങ്ങളിൽ കുടുങ്ങിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. അതേ വിഡി സതീശൻ തന്നെ രാഹുലിനെ തള്ളിപറഞ്ഞു. പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാനുള്ള കടുത്ത തീരുമാനത്തെ അതിശക്തമായി പിന്തുണച്ചു. എല്ലാ അർത്ഥത്തിലും ചേർത്തുപിടിച്ച കൈക്കൊണ്ട് തള്ളിമാറ്റി. ഒടുവിൽ പീഡനപരാതിയിൽ കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുന്നതും പാർട്ടി രാജി ആവശ്യപ്പെട്ടു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതും ഒരു വർഷത്തിനിപ്പുറം ഒരു ഡിസംബർ നാലിനാണ്.
രാഹുലുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചാൽ രാജി ആവശ്യപ്പെടാനാണ് കെപിസിസി ഒരുങ്ങുന്നത് എന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പാർട്ടി കൈവിട്ടതോടെ സ്വയം എംഎൽഎ സ്ഥാനം രാജി വെച്ചില്ലെങ്കിലും രാഹുലിന് രക്ഷയുണ്ടാകില്ല. രാഹുലിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് ചീഫ് വിപ്പിന് സ്പീക്കർക്ക് കത്ത് നൽകാനാകും. സ്വയം ഒഴിയാൻ തയാറായില്ലെങ്കിൽ സ്പീക്കർക്ക് കോൺഗ്രസ് കത്ത് നൽകുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Explore the rapid ascent and subsequent fall of Youth Congress leader Rahul Mamkootathil amidst serious allegations and controversies. Learn about his political journey and current crisis.
Published: 04 Dec 2025, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented