തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം. രാഹുലുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചാല്‍ രാജി ആവശ്യപ്പെടാനാണ് കെപിസിസി ഒരുങ്ങുന്നത് എന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

To advertise here,

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍ ഉള്‍പ്പടെയുള്ളവര്‍ രാഹുല്‍ എംഎല്‍എ സ്ഥാനം സ്വയം ഒഴിയണമെന്ന ആവശ്യവുമായി എത്തിക്കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കി.

പാര്‍ട്ടി കൈവിട്ടതോടെ സ്വയം എംഎല്‍എ രാജി വെച്ചില്ലെങ്കിലും രാഹുലിന് രക്ഷയുണ്ടാകില്ല. രാഹുലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പിന് സ്പീക്കര്‍ക്ക് കത്ത് നല്‍കാനാകും. സ്വയം ഒഴിയാന്‍ തയാറായില്ലെങ്കില്‍ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കുമെന്നാണ് സൂചന.

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ഒരുവര്‍ഷമാകുന്ന വേളയിലാണ് രാഹുലിന് പദവി നഷ്ടപ്പെടാന്‍ പോകുന്നത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.