പുണെ: കല്യാണം കഴിക്കാൻ പോലീസുകാരനായി വേഷംകെട്ടിയ പച്ചക്കറി വ്യാപാരിയെ കുടുക്കി ഫ്ലക്സ് ബോർഡുകൾ. പുണെയിലെ നർഹെ റോഡ് സ്വദേശിയായ ഋഷികേശ് രാജു ജാദവ് എന്ന 26-കാരനായ പച്ചക്കറി വ്യാപാരിയാണ് വിവാഹം കഴിക്കാനുള്ള അതിയായ ആഗ്രഹം മൂലം അസാധാരണമായ തട്ടിപ്പിന് മുതിർന്നത്. വർഷങ്ങളായി വിവാഹം നടക്കാത്തതിലുള്ള നിരാശയെത്തുടർന്നാണ് ഇയാൾ പോലീസ് ഉദ്യോഗസ്ഥനായി തനിക്ക് ജോലി ലഭിച്ചെന്ന് നാട്ടുകാരെയും ആലോചനയുമായി വരുന്നവരെയും വിശ്വസിപ്പിക്കാൻ തീരുമാനിച്ചത്.

To advertise here,

പോലീസ് യൂണിഫോം ധരിച്ച് ഫോട്ടോയെടുക്കുകയും അത് തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി മാറ്റുകയും ചെയ്തതിന് പുറമെ, ഇയാൾ നഗരത്തിലുടനീളം താൻ പോലീസുകാരനായെന്ന് പ്രഖ്യാപിക്കുന്ന ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തു. യുവതികളെയും അവരുടെ കുടുംബങ്ങളെയും ആകർഷിക്കുക എന്നതായിരുന്നു ഈ വേഷംകെട്ടലിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.

എന്നാൽ നഗരത്തിലെ അനധികൃത ബാനറുകൾക്കെതിരെ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളം വെളിച്ചത്തായത്. ഇയാൾ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളെക്കുറിച്ച് സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ, ഋഷികേശ് പോലീസ് സേനയുടെ ഭാഗമല്ലെന്നും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ബോധ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥനായി ചമഞ്ഞതിന് ഋഷികേശിനെതിരെ പോലീസ് കേസെടുത്തു. ഒരു ജോലി ഉണ്ടെന്ന് കാണിച്ച് പെണ്ണ് കിട്ടാനാണ് താൻ ഇത്തരമൊരു മാർഗ്ഗം സ്വീകരിച്ചതെന്ന് പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു.