ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കോടതിയോട് ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ. രാഷ്ട്രീയത്തില്‍ പെട്ടന്ന് വളര്‍ന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റെന്നും അല്ലാതെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പ്രജ്വല്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തനിക്കെതിരെ സ്വമേധയാ സ്ത്രീകളാരും പരാതി നല്‍കിയില്ലെന്നും പ്രോസിക്യൂഷന്‍ 'മനപ്പൂര്‍വ്വം' അവരെ രംഗത്ത് കൊണ്ടുവന്നതാണെന്നും ആരോപിച്ച് രേവണ്ണ കോടതിയില്‍ പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ദയവായി ശിക്ഷയില്‍ കുറവ് വരുത്തണമെന്ന് കോടതിയോട് അപേക്ഷിച്ചു. ആറ് മാസമായി താൻ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബത്തെ കണ്ടിട്ട്.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്വല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അതിവേഗമായിരുന്നു കേസിന്റെ നടപടികള്‍ നടന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസത്തിനുള്ളിലാണ് പ്രതി കുറ്റക്കാരനെന്ന വിധി പുറത്തുവന്നത്. പ്രജ്വല്‍ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) സൈബർ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, പ്രജ്വൽ രേവണ്ണ യുവതിയെ രണ്ട് തവണ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം. തെളിവായി അതിജീവിത ഒരു സാരി സമർപ്പിച്ചിരുന്നു. ഫോറൻസിക് പരിശോധനയിൽ ഈ സാരിയിൽ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബലാത്സംഗം തെളിയിക്കുന്നതിനുള്ള പ്രധാന തെളിവായി കോടതി ഇത് സ്വീകരിച്ചത് കേസിൽ നിർണ്ണായകമായി.
ഇൻസ്‌പെക്ടർ ശോഭയുടെ നേതൃത്വത്തിലുള്ള സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം 123 തെളിവുകൾ ശേഖരിച്ചു. ഏകദേശം 2,000 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. 2024 ഡിസംബർ 31-ന് കേസിൽ വിചാരണ ആരംഭിച്ചു. തുടർന്നുള്ള ഏഴ് മാസങ്ങളിൽ, കോടതി 23 സാക്ഷികളെ വിസ്തരിക്കുകയും വീഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തുകയും ചെയ്തു.
പ്രജ്വൽ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് അതിജീവിത പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയായിരുന്നു പ്രജ്വൽ. ദൃശ്യങ്ങൾ പുറത്തായതോടെ, വോട്ടെടുപ്പുനടന്ന ദിവസം രാത്രി പ്രജ്വൽ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽവെച്ച്, 2024 മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്. തിരഞ്ഞെടുപ്പിൽ പ്രജ്വൽ നാൽപത്തിരണ്ടായിരത്തിലേറെ വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.
Content Highlights: Prajwal Revanna breaks silence after conviction in rape case
Published: 02 Aug 2025, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented