ബെംഗളൂരു: പീഡനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ജെഡിഎസ് എംപി പ്രജ്ജ്വല്‍ രേവണ്ണയുടെ തടവുശിക്ഷ തുടങ്ങി. ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ 15528-ാം നമ്പര്‍ തടവുകാരനാണ് പ്രജ്ജ്വല്‍ രേവണ്ണ. കോടതിയുടെ ശിക്ഷാവിധിക്ക് പിന്നാലെ കുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക് പ്രജ്ജ്വലിനെ മാറ്റുകയുംചെയ്തു.
തടവുകാര്‍ക്കുള്ള വെളുത്തനിറത്തിലുള്ള യൂണിഫോമാണ് ഇനിമുതല്‍ പ്രജ്ജ്വലിന്റെ വസ്ത്രം. എട്ടുമണിക്കൂര്‍ നിര്‍ബന്ധമായും ജോലിയെടുക്കണം. ജയിലിലെ ബേക്കറി, പൂന്തോട്ട പരിപാലനം, പച്ചക്കറികൃഷി, ആശാരിപ്പണി തുടങ്ങിയ ജോലികളില്‍ ഏതെങ്കിലുമൊന്നാണ് തടവുകാരന്‍ തിരഞ്ഞെടുക്കേണ്ടത്. ഈ ജോലിക്ക് മാസം 524 രൂപ ശമ്പളമായും ലഭിക്കും. ജോലിയിലെ മികവനുസരിച്ച് ഭാവിയില്‍ ശമ്പളം കൂട്ടിനല്‍കുകയുംചെയ്യും. മുന്‍ എംപിയും പ്രമുഖ രാഷ്ട്രീയകുടുംബത്തിലെ അംഗവുമാണെങ്കിലും എല്ലാതടവുകാര്‍ക്കും ലഭിക്കുന്ന പരിഗണനയേ പ്രജ്ജ്വലിനും ലഭിക്കുകയുള്ളൂവെന്നാണ് ജയില്‍ അധികൃതരുടെ പ്രതികരണം.
Also Read
വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി കഴിഞ്ഞദിവസമാണ് പ്രജ്ജ്വല്‍ രേവണ്ണയെ ശിക്ഷിച്ചത്. ജീവപര്യന്തം തടവിനൊപ്പം 11 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അതിജീവിതയ്ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
പ്രജ്ജ്വലിനെതിരായ നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് കോടതി കഴിഞ്ഞദിവസം ശിക്ഷവിധിച്ചത്. ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48-കാരി നല്‍കിയ പരാതിയിലാണ് ആദ്യത്തെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടു തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചിരുന്നു. പ്രജ്ജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെയാണ് പ്രജ്ജ്വല്‍ രേവണ്ണയുടെ പീഡനദൃശ്യങ്ങള്‍ പെന്‍ ഡ്രൈവ് വഴി പ്രചരിച്ചത്. ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്ജ്വല്‍. ദൃശ്യങ്ങള്‍ പുറത്തായതോടെ, വോട്ടെടുപ്പു നടന്ന ദിവസം രാത്രി പ്രജ്ജ്വല്‍ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോള്‍ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞ വര്‍ഷം മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. പ്രജ്ജ്വലിനെതിരേ മൊഴികൊടുക്കുന്നത് ഒഴിവാക്കാന്‍ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്ജ്വലിന്റെ അച്ഛനും എംഎല്‍എയുമായ എച്ച്.ഡി. രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും പോലീസ് കേസെടുത്തിരുന്നു. രേവണ്ണയെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
Content Highlights: Prajwal Revanna starts life imprisonment in Bengaluru jail for sexual assault.
Published: 03 Aug 2025, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented