ലഖ്‌നൗ: വീട്ടില്‍നിന്ന് കാണാതായ 250 ഗ്രാം ഉരുളക്കിഴങ്ങ് കണ്ടെത്താനായി പോലീസിനെ സമീപിച്ചിരിക്കുകയാണ് യു.പി. സ്വദേശി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ മന്നപൂര്‍വ നിവാസിയായ വിജയ് വര്‍മയാണ് വ്യത്യസ്തമായ ആവശ്യവുമായി പോലീസിന്റെ അടിയന്തരസഹായത്തിനുള്ള ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചത്. സംഭവത്തില്‍ വിജയ് വര്‍മ പോലീസുകാരോട് പരാതി ഉന്നയിക്കുന്ന വീഡിയോദൃശ്യങ്ങളും ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

To advertise here,

ദീപാവലിയുടെ തലേദിവസം രാത്രിയാണ് പോലീസിന്റെ സഹായത്തിനായുള്ള '112' എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിജയ് വര്‍മ വിളിച്ചത്. വീട്ടില്‍നിന്ന് ഉരുളക്കിഴങ്ങ് കാണാതായെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. ഫോണിലൂടെ വിവരമറിഞ്ഞതിന് പിന്നാലെ പോലീസ് സംഘം വിജയ് വര്‍മയുടെ വീട്ടിലെത്തി. തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് വീട്ടില്‍നിന്ന് 250 ഗ്രാം ഉരുളക്കിഴങ്ങ് കാണതായതിനാണ് വിജയ് വര്‍മ അന്വേഷണം ആവശ്യപ്പെട്ട് വിളിച്ചതെന്ന് തിരിച്ചറിഞ്ഞത്.

ഇതോടെ മദ്യപിച്ചിട്ടുണ്ടോ എന്നായിരുന്നു പോലീസിന്റെ ചോദ്യം. അതെ എന്നായിരുന്നു ഈ ചോദ്യത്തിന് വിജയ് വര്‍മയുടെ മറുപടി. ''ഞാന്‍ മദ്യപിച്ചിട്ടുണ്ട്. ദിവസം മുഴുവനും ജോലിചെയ്യുന്ന ഞാന്‍ വൈകിട്ട് ചെറുതായിട്ട് മദ്യപിക്കാറുണ്ട്. പക്ഷേ, ഇത് മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇത് ഉരുളക്കിഴങ്ങ് കാണാതായ വിഷയമാണ്. അന്വേഷിക്കണം' ഇതായിരുന്നു വിജയ് വര്‍മ പറഞ്ഞത്.

എന്തായാലും വിജയ് വര്‍മ പരാതി ഉന്നയിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുയരുന്നത്. പരാതി എന്തായാലും പോലീസ് അതിവേഗത്തില്‍ പ്രതികരിച്ചതിനെ പലരും അഭിനന്ദിച്ചു. എന്നാല്‍, ഇത്തരം പരാതികള്‍ പോലീസിനെയും മറ്റു അടിയന്തരസേവനങ്ങളെയും ദുരുപയോഗം ചെയ്യുന്നതാണെന്നായിരുന്നു ഒരുവിഭാഗത്തിന്റെ വിമര്‍ശനം. അതേസമയം, ഉരുളക്കിഴങ്ങ് കാണാതായ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയോ പ്രതിയെ പിടികൂടിയോ എന്നകാര്യങ്ങളൊന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.