
കോഴിക്കോട്: വ്‌ളോഗറും യൂട്യൂബറുമായ കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശി റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദുബായില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. റിഫയുടെ കഴുത്തില്‍ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങള്‍ കൂടി വരാനുണ്ട്.
റിഫയുടെ മരണത്തില്‍ കാസര്‍കോട് സ്വദേശിയും യൂട്യൂബറുമായ ഭര്‍ത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കാക്കൂര്‍ പോലീസ് കേസെടുത്തത്. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.
മാര്‍ച്ച് ഒന്നിനാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് മെഹ്നാസിനൊപ്പമായിരുന്നു താമസം. ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരില്‍നിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്. പിന്നീട് നാട്ടിലെത്തിച്ച് മൃതദേഹം ഖബറടുക്കുകയായിരുന്നു. ദുബായില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് മൃതദേഹം എത്തിച്ചതെന്ന് ഭര്‍ത്താവ് മെഹനാസ് തെറ്റിദ്ധരിപ്പിച്ചുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും റിഫയുടെ മാതാപിതാക്കള്‍ ആരോപിക്കുകയായിരുന്നു.
പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് ഈ മാസം ഏഴിനാണ് റിഫയുടെ മൃതദേഹം പുറത്തെടുത്തിരുന്നത്. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം അന്നുതന്നെ ഖബറടക്കുകയും ചെയ്തിരുന്നു.
Content Highlights: Post-mortem report states that Rifa Mehnu was hanged
Published: 17 May 2022, 01:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented