
പൊന്നാനി: ബീച്ചിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു. പൊന്നാനി രായിൻ മരയ്ക്കാർ വീട്ടിൽ മുഹമ്മദി (24) നെയാണ് റിമാൻഡ് ചെയ്തത്.
പുനർഗേഹം ഭവനസമുച്ചയത്തിലെ ഫാത്തിമ (23)യാണ് ഭർത്താവ് മുഹമ്മദ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. ഭാര്യയിൽ അവിഹിതബന്ധം സംശയിച്ചുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് ഫാത്തിമയെ കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട മുഹമ്മദിനെ ബുധനാഴ്ച ഉച്ചയ്ക്ക് പരപ്പനങ്ങാടി റെയിൽവേ ട്രാക്കിനുസമീപത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റുരേഖപ്പെടുത്തിയശേഷം ഇൻസ്‌പെക്ടർ കെ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രതിയുമായി ബീച്ചിൽ തെളിവെടുപ്പ് നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മുഹമ്മദ് പോലീസിനോട് വെളിപ്പെടുത്തി. ഫാത്തിമയുടെ പിതാവ് അയ്യൂബും നാട്ടുകാരും തെളിവെടുപ്പിനിടെ പ്രതിക്കുനേരേ ആക്രോശിച്ച് എത്തിയതോടെ പ്രതിയുമായി പോലീസ് പെട്ടെന്ന് മടങ്ങി.
ഫാത്തിമയെ കൊലപ്പെടുത്തിയശേഷം മുക്കാൽ മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ പുനർഗേഹം ഫ്‌ലാറ്റിലേക്ക് പോകാനൊരുങ്ങി. അപ്പോഴാണ് മൃതദേഹത്തിനടുത്തേക്ക് കുറുക്കന്മാർ വരുന്നതുകണ്ടത്. ഇതോടെ കുഞ്ഞിനെ കടൽത്തീരത്ത് കിടത്തി മണൽനീക്കി ചെറിയൊരു കുഴിയുണ്ടാക്കി മുഹമ്മദ് മൃതദേഹം അതിലിട്ട് മൂടി.
തൊട്ടടുത്തുകിടന്നിരുന്ന പായ മുകളിൽ വിരിച്ചു. പുലർച്ചെ മൂന്നോടെ മുഹമ്മദ് അവന്റെ ഫ്‌ലാറ്റിലെത്തി കുഞ്ഞിനെ മാതാവിനെ ഏല്പിച്ചു. ഫാത്തിമ എവിടെയെന്ന് മാതാവിനോട് ചോദിച്ചപ്പോൾ അവളുടെ വിട്ടിലേക്ക് പോയെന്ന് കള്ളംപറഞ്ഞു.
ഫാത്തിമയുടെയും മുഹമ്മദിന്റെയും പ്രണയവിവാഹമായിരുന്നു. സംശയത്തിന്റെ പേരിൽ ഇരുവരും അകന്നാണ് താമസിച്ചിരുന്നത്. രണ്ടാഴ്ച മുൻപ് മുഹമ്മദ് ഫാത്തിമയെ മർദ്ദിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഫാത്തിമ പോലീസിൽ പരാതിനൽകുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങൾ താത്കാലികമായി പറഞ്ഞുതീർത്തശേഷം ഫാത്തിമ അവളുടെ വീട്ടിലേക്കാണ് പോയത്. ഇടയ്ക്ക് ഫാത്തിമയുടെ ഫ്‌ലാറ്റിലെത്തി അവളെ വിളിച്ചിറക്കി ഇരുവരും ബൈക്കിൽ കറങ്ങാറുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയും ഇതുപോലെ വിളിച്ചിറക്കിക്കൊണ്ടുവന്നതാണ്. ഫാത്തിമയുടെ ഫോൺവിളിയെച്ചൊല്ലി കടപ്പുറത്തുവെച്ച് ഇരുവരും വാക്കേറ്റമുണ്ടായി. തുടർന്നാണ് ഷാൾ കഴുത്തിൽ കുരുക്കി മുഹമ്മദ് ഫാത്തിമയെ കൊലപ്പെടുത്തിയത്.
കുഞ്ഞിനെ വീട്ടുകാരെ ഏല്പിച്ചശേഷം ബൈക്കിൽ സഞ്ചരിച്ച് ഒരു പള്ളിയിലെത്തി നിസ്‌കരിച്ചു. പിന്നീടാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. മൊബൈൽ നമ്പർ ലൊക്കേഷൻ നോക്കി എവിടെയുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് മുഹമ്മദിനെ പിന്തുടർന്നിരുന്നു. ഡിവൈ.എസ്.പി. എ.എം. സിദ്ദീഖ്, മുഹമ്മദുമായി ഫോണിൽ സംസാരിച്ചപ്പോൾ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്നാണ് പറഞ്ഞത്. കുഞ്ഞിനെ ഓർത്ത് അബദ്ധമൊന്നും കാണിക്കരുതെന്നുപറഞ്ഞ് ഡിവൈ.എസ്.പി. മുഹമ്മദിനെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഈസമയം പോലീസെത്തി മുഹമ്മദിനെ പിടികൂടുകയായിരുന്നു.
Content Highlights: Ponnani beach murder case update: 24-year-old husband remanded for the murder of his wife Fatima. Read the full investigation details and police report here.
Published: 01 May 2026, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented