ശാസ്താംകോട്ട(കൊല്ലം):മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ ആനൂർക്കാവ് സ്വദേശി കുഞ്ഞുമോളെ കാർകയറ്റിക്കൊന്ന കേസിലെ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലി(29)നെതിരേ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസ്.

To advertise here,

നീചമായ കുറ്റകൃത്യമായി കണക്കാക്കി പരമാവധി ശിക്ഷ ലഭ്യമാക്കനുള്ള തീവ്രശ്രമത്തിലാണ് ശാസ്താംകോട്ട പോലീസ്. അജ്മൽ മദ്യപിച്ചിട്ടുണ്ടെന്ന് അറസ്റ്റ് ചെയ്തപ്പോൾ വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. അയാളുടെമേൽ ബോധപൂർവമായ നരഹത്യക്കുറ്റവും ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.

കടയിൽനിന്ന് സാധനംവാങ്ങി സ്കൂട്ടറിൽ മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ദിശ തെറ്റി അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞുമോൾ മരിച്ചത്. താഴെ വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ കാർ രണ്ടുതവണ കയറ്റിയിറക്കിയതാണ് മരണകാരണം.

അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ പോലീസിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടാകണമെന്ന് കുഞ്ഞുമോളുടെ ഭർത്താവ് നൗഷാദ്, മക്കളായ സോഫിയ, അൽഫിയ എന്നിവർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉദ്യോഗസ്ഥർ കുഞ്ഞുമോളുടെ വീട്ടിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. റൂറൽ എസ്.പി. നേരിട്ടാണ് അന്വേഷണപുരോഗതി വിലയിരുത്തുന്നത്.

ഇടിച്ച കാർ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച ഫൊറൻസിക് സംഘമെത്തി കാർ പരിശോധിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കാർ കോടതിക്ക് കൈമാറും.

അജ്മൽ വിവിധ കേസുകളിൽ പ്രതിയായതിനാൽ കാറിന്റെ ഉടമയെ സംബന്ധിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. അജ്മലിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് കുന്നത്തൂർ ആർ.ടി.ഓഫീസും നടപടി തുടങ്ങി. വനിതാ ഡോക്ടറുടെ രക്തസാമ്പിൾ ബുധനാഴ്ച പരിശോധനയ്ക്ക് അയയ്ക്കും. 

ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികളിലേക്ക് കടക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം. അവരെ ആശുപത്രി ജോലിയിൽനിന്ന്‌ കഴിഞ്ഞദിവസം പുറത്താക്കി.അജ്മലിന്റെ പേരിൽ കരുനാഗപ്പള്ളി സ്റ്റേഷൻ പരിധയിലുള്ള കേസുകളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ടെന്നാണ് വിവരം.