കൊച്ചി: അങ്കമാലിയിൽ കോളേജ് വിദ്യാർഥിനി ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ പ്രതിയായ ഡോ. സിറിയക്ക് ജോർജിനെ കണ്ടെത്താനാകാതെ പോലീസ്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. അപകടംനടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പോലീസിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനി ജസ്ലിയ ജോൺസണിനെ ഫെബ്രുവരി 28-ാം തീയതി പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സിറിയക്ക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. അമിതവേഗത്തിലെത്തിയ കാർ ജസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം നിർത്താതെ പോവുകയായിരുന്നു.
എന്നാൽ, ആദ്യഘട്ടത്തിൽ പ്രതിയെ പിടികൂടുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. ചികിത്സയിലായിരുന്ന ജസ്‌ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മരണം സ്ഥിരീകരിച്ചതോടെ ജസ്‌ലിയയുടെ അവയവങ്ങൾ ദാനംചെയ്തിരുന്നു.
ചാലാക്ക മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ്, സഹപാഠി അക്ഷയ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പിടിച്ചെടുത്തു. അതേസമയം, വാഹനത്തിൽ കൂടെയുണ്ടായിരുന്ന അക്ഷയ് ബുധനാഴ്ച അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി പോലീസിന് മൊഴിനൽകിയിരുന്നു.
അപകടം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് യാതൊരു വിവരരമുമില്ലെന്ന പോലീസ് ഭാഷ്യത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പ്രതിയെ പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
Content Highlights: Dr. Cyriac George identified as the accused in the fatal hit-and-run in Angamaly., The victim was Jasliya Johnson, a second-year college student., Police have issued a lookout circular as the accused is absconding., The incident has sparked public criticism against the police for investigation delays.
Published: 05 Mar 2026, 03:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented