മണ്ണാര്‍ക്കാട്(പാലക്കാട്): മതിയായ രേഖകളില്ലാതെ ബൈക്കിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷത്തോളം രൂപ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി. ചെര്‍പ്പുളശ്ശേരി തൂത ഒറ്റയത്ത് വീട്ടില്‍ ഷജീറില്‍(35)നിന്നാണ് പണം കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ ആനമൂളിയില്വെച്ചാണ് സംഭവം.
അട്ടപ്പാടി ചുരത്തിന് താഴെ ആനമൂളി ഭാഗത്തു നടത്തിയ പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിലും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് മണ്ണാര്‍ക്കാട് പോലീസും പരിശോധനയിലേര്‍പ്പെട്ടത്. ഇതിനിടെ കോയമ്പത്തൂര്‍ ഭാഗത്തുനിന്നും അട്ടപ്പാടിവഴി ബൈക്കില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്.
ബൈക്കിന്റെ പെട്രോള്‍ ടാങ്കിലും പിന്‍സീറ്റിലുമുള്ള രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തവ. ആകെ 49, 82,500 രൂപയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പിടികൂടിയ നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. സി.സുന്ദരന്‍ പറഞ്ഞു. രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് കോടതിയുടെ ഉത്തരവുപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷ്, എസ്.ഐ. എം.അജാസുദ്ദീന്, എസ്.ഐ. അബ്ദുള്‍ നാസര്‍, എ.എസ്.ഐ.മാരായ ശ്യാംകുമാര്‍, പ്രശോഭ്, പോലീസുകാരായ സുനില്‍, കൃഷ്ണകുമാര്‍, ഡാന്‍സാഫ് ടീം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Content Highlights: police seized 50 lakhs hawala money from mannarkkad palakkad
Published: 29 Oct 2024, 09:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented