
ആലപ്പുഴ: കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കടുത്ത നിയമനടപടികളുമായി പോലീസ് മുന്നോട്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും. പ്രതികൾ 18 വയസ്സിന് താഴെയുള്ളവരായതിനാൽ സാധാരണഗതിയിൽ ബാലനീതി നിയമപ്രകാരമാണ് നടപടികൾ ഉണ്ടാകേണ്ടതെങ്കിലും, അവർ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും കാഠിന്യവും കണക്കിലെടുത്ത് ഒരു തരത്തിലുള്ള ഇളവും നൽകരുതെന്നാണ് പോലീസിന്റെ തീരുമാനം.
കൊല്ലത്തുനിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് കരുവാറ്റയിലെത്തിയാണ് പ്രതികൾ ഈ ദാരുണമായ കൊലപാതകം നടത്തിയത്. വീടിന്റെ ഷീറ്റ് പൊളിച്ച് അകത്തുകയറിയ പ്രതികൾ വയോധികനെ അതിക്രൂരമായാണ് നേരിട്ടത്. കത്തിയുപയോഗിച്ച് ദേഹമാസകലം മുറിവേൽപ്പിച്ച ശേഷം ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിടുകയും കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
13 വയസ്സുകാരിയായ പെൺകുട്ടിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. വീട്ടിൽ മറ്റാരുമില്ലെന്ന വിവരവും സ്വർണ്ണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കൃത്യമായ നിർദ്ദേശങ്ങളും ഈ പെൺകുട്ടിയാണ് മറ്റ് പ്രതികൾക്ക് നൽകിയത്.
കൊലപാതകത്തിന് ശേഷം ഈ പെൺകുട്ടി നടത്തിയ അഭിനയം അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ശനിയാഴ്ച രാത്രി കൊലപാതകം നടന്നതിന് ശേഷം പെൺകുട്ടി ഈ വീട്ടിലെത്തി അപ്പൂപ്പനെ കാണാനില്ലെന്ന് അയൽക്കാരോട് പറഞ്ഞു. ഒടുവിൽ നാട്ടുകാരെയും കൂട്ടി പെൺകുട്ടി തന്നെ വീടിനകത്ത് കയറി പരിശോധന നടത്താൻ ആവശ്യപ്പെടുകയും തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട നിലയിൽ വയോധികനെ കണ്ടെത്തുകയും ചെയ്തത്. പോലീസിനെ വഴിതിരിച്ചുവിടാൻ നടത്തിയ ഈ നാടകങ്ങൾ പ്രതികളുടെ കുറ്റകരമായ മനോഭാവത്തെയാണ് കാണിക്കുന്നത്.
നിലവിൽ നാല് പ്രതികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതിൽ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത മൂന്ന് പേരെയും പ്രായത്തിന്റെ പേരിൽ ലഭിക്കുന്ന നിയമപരമായ ഇളവുകളിൽ നിന്ന് ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ സാധാരണ ക്രിമിനൽ കേസുകളിലെ പ്രതികളെ കൈകാര്യം ചെയ്യുന്നതുപോലെ കടുപ്പമേറിയ ശിക്ഷാ നടപടികൾ ഇവർക്ക് നേരെ ഉണ്ടാകും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Police Demand Adult Trial in Brutal Karuvatta Murder
Published: 19 Aug 2026, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented