മുംബൈ: മഹാരാഷ്ട്രയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിവന്ന പെണ്‍വാണിഭ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. ബംഗ്ലാദേശ് പൗരന്മാരായ മുഹമ്മദ് ഖാലിദ് ഭപാരി, ജുബേര്‍ ഹാരൂണ്‍ ഷെയ്ഖ്, ഷാമിന്‍ ഗഫര്‍ സര്‍ദാര്‍ എന്നിവരാണ് അറസ്റ്റിലായത്. പാല്‍ഘര്‍ ജില്ലയിലുള്ള നായഗാവിലെ ഒരു ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്നു ഇവര്‍. 

To advertise here,

ഇവിടെ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാതെ ഒരു പെണ്‍കുട്ടിയെയും ഒരു യുവതിയെയും പോലീസ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഇരുവരും ബംഗ്ലാദേശ് സ്വദേശിനികളാണ്. പെണ്‍വാണിഭത്തിനായി ഇവരെ രാജ്യത്തേക്ക് കടത്തികൊണ്ടുവരികയായിരുന്നുവെന്നാണ് സൂചന. മനുഷ്യക്കടത്തിനെതിരേ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'റെക്‌സ്യു ഫൗണ്ടേഷന്‍' എന്ന സംഘടനയുടെ ഒരു കേന്ദ്രത്തിലാണ് നിലവില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ വില്‍ക്കല്‍, മനുഷ്യക്കടത്ത്, കടത്തപ്പെട്ടയാളെ ചൂഷണം ചെയ്യല്‍ അടക്കമുള്ള കുറ്റങ്ങൾക്ക് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പോക്‌സോ വകുപ്പും ഇവര്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്.