
ഹൈദരാബാദ്: പബ്ബ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിനെ രഹസ്യ ഓപ്പറേഷനിലൂടെ വലയിലാക്കി വനിതാ ഡിസിപി. സൈബരാബാദിലെ കുകട്ള്ളി ഡിസിപിയായ റിതിരാജ് ഐ.പി.എസാണ് പ്രമുഖ പബ്ബിൽ നടന്നിരുന്ന അനാശാസ്യപ്രവർത്തനങ്ങളും നിയമലംഘനങ്ങളും കൈയോടെ പിടികൂടിയത്. പബ്ബിൽ നടത്തിയ മിന്നൽ റെയ്ഡിൽ ജീവനക്കാരായ നാല് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ക്ലബ് മസ്തി എന്നറിയപ്പെടുന്ന 'കിങ്‌സ് ആൻഡ് ക്യൂൻസ്' പബ്ബിലാണ് വനിതാ ഡിസിപിയുടെ നേതൃത്വത്തിൽ രഹസ്യ ഓപ്പറേഷൻ നടന്നത്. പബ്ബിൽ അനാശാസ്യപ്രവർത്തനങ്ങളും പെൺവാണിഭവും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ വനിതാ ഡിസിപി ഇവിടെ വേഷംമാറിയെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ കൂടുതൽ പോലീസെത്തി പരിശോധന നടത്തുകയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പബ്ബിനുള്ളിൽ പെൺവാണിഭം നടന്നിരുന്നതായാണ് പോലീസ് പറയുന്നത്. മാത്രമല്ല, നിയമങ്ങൾ ലംഘിച്ച് പ്രായപൂർത്തിയാകാത്തവർക്ക് പബ്ബിൽ പ്രവേശനം അനുവദിച്ചിരുന്നു. ഇവർക്ക് മദ്യവും വിളമ്പി. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് പബ്ബിൽ മദ്യം വിളമ്പിയിരുന്നത്. ഇതിനുപുറമേ പുരുഷന്മാരായ ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രത്യേകം സ്ത്രീകളെ പബ്ബിൽ നിയോഗിച്ചിരുന്നു. ഇത്തരത്തിൽ സ്ത്രീകൾ അടുപ്പംസ്ഥാപിക്കുന്ന പുരുഷന്മാർക്ക് ഭീമമായ ബിൽ നൽകുന്നതും ഇതുവഴി പണം തട്ടിയെടുക്കുന്നതും പതിവാണെന്നും പോലീസ് പറഞ്ഞു.
പെൺവാണിഭത്തിന് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും പബ്ബിൽ മാനേജ്‌മെന്റ് ഒരുക്കിയിരുന്നു. കഴിഞ്ഞവർഷം പബ്ബിനെതിരേ പോലീസ് കേസെടുത്തിരുന്നെങ്കിലും ഇതിനുശേഷവും നിയമലംഘനങ്ങൾ തുടർന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
2018 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ റിതിരാജിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പബ്ബിൽ പരിശോധന നടത്തിയത്. പട്‌നയിലെ ഡൽഹി പബ്ലിക് സ്‌കൂൾ, ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമാണ് റിതിരാജ് സിവിൽസർവീസിലെത്തിയത്. കുകട്പള്ളി ഡിസിപിയായി ചാർജെടുക്കും മുൻപ് മഥാപുർ സോണിലെ കുപ്രസിദ്ധമായ സൈബർ കേസുകളടക്കം അന്വേഷിച്ച് തെളിയിച്ച ഉദ്യോഗസ്ഥയാണ് റിതിരാജ്. അടുത്തിടെ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭഗീരഥ് സായ് ഉൾപ്പെട്ട പോക്‌സോ കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നയിച്ചതും റിതിരാജായിരുന്നു.
Content Highlights: DCP Ritiraj conducted a secret sting operation at Kings and Queens pub., Nine individuals arrested for running a sex racket and illegal operations., Pub accused of serving alcohol to minors and extortion of customers., Ongoing investigation into repeat violations by the establishment.
Published: 08 Jun 2026, 02:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented