
കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി അക്ബർ അലിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് സൂചന. അക്ബറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു. കലൂർ ലിബർട്ടി ലെയ്‌നിൽ ഹൈലാൻഡ് ലോഡ്ജ് നടത്തിപ്പുകാരനായ അക്ബറും കൂട്ടാളികളും ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അക്ബറിനെതിരേ നേരത്തേയും ചില കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. ഈ കേസുകളടക്കമുള്ള വിശദാംശങ്ങളാണ് പോലീസ് ശേഖരിച്ചത്.
അക്ബറിന്റെ പശ്ചാത്തലം ദുരൂഹമാണെന്ന് കഴിഞ്ഞദിവസംതന്നെ പോലീസ് സൂചന നൽകിയിരുന്നു. നഗരത്തിലെ ഇയാളുടെ ലോഡ്ജ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ലോഡ്ജിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ലോഡ്ജിൽ വന്നുപോകുന്ന ആളുകൾ ആരൊക്കെയാണ് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് ചോദ്യംചെയ്ത പെൺകുട്ടികൾക്കുനേരെയാണ് അക്രമിസംഘം അഴിഞ്ഞാടിയത്. പെൺകുട്ടികളിലൊരാളെ നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും, ദൃശ്യം പകർത്താൻ ശ്രമിച്ച ഫോൺ എറിഞ്ഞുതകർക്കുകയും ചെയ്തു. കലൂർ-എളമക്കര റോഡിൽനിന്നുള്ള ചക്കാലപ്പാടം റോഡിൽ ചൊവ്വാഴ്ച പുലർച്ചെ 4.30-നായിരുന്നു സംഭവം.
അക്രമിസംഘത്തിലെ പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരെ പോലീസ് പിടികൂടി. അക്ബർ അലി ഉൾപ്പെടെ ഏഴുപേരാണ് ഒളിവിൽ കഴിയുന്നത്. സംഘത്തിൽ രണ്ട് യുവതികളുമുണ്ട്. പിടിയിലായവർ അക്ബർ അലിയുടെ ഹോട്ടലിലെ ജീവനക്കാരാണ്.
റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന പെൺകുട്ടികൾക്കു നേരേയാണ് അതിക്രമമുണ്ടായത്. ഇവർ ഇരുവരും പുലർച്ചെ ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു. അതേ സ്ഥലത്തേക്ക് പ്രതികളും ചായകുടിക്കാനെത്തി. തുടർന്ന് പ്രതികളുടെ കൂട്ടത്തിലെ രണ്ടുസ്ത്രീകൾ, ഈ പെൺകുട്ടികളോട് മുൻപേ പോയവർ എന്താണ് പറയുന്നതെന്ന് നോക്കാൻ ആവശ്യപ്പെട്ടു. തിരിഞ്ഞുനോക്കിയ പെൺകുട്ടികളുടെ നേർക്ക് ഒന്നാംപ്രതി അക്ബർ അലി, അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Content Highlights: Main suspect Akbar Ali linked to an organized sex racket., Police investigation ongoing into Highland Lodge operations., Assault occurred in Kaloor-Elamakkara road area.
Published: 03 Jun 2026, 09:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented