അഞ്ചല്‍(കൊല്ലം): പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം. അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഇതേ സ്‌കൂളിലെ നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. തിങ്കളാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് പോകുമ്പോള്‍ സ്‌കൂളിനോടുചേര്‍ന്നുള്ള വഴിയില്‍ കാത്തുനിന്ന സംഘം മര്‍ദിക്കുകയായിരുന്നു.

To advertise here,

അസഭ്യംപറഞ്ഞു എന്ന് ആരോപിച്ചായിരുന്നു ക്രൂരമായ മര്‍ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. റോഡില്‍ തളര്‍ന്നുകിടന്ന വിദ്യാര്‍ഥിയെ ഓടിക്കൂടിയവരാണ് വീട്ടിലും തുടര്‍ന്ന് ആശുപത്രിയിലും എത്തിച്ചത്.

മര്‍ദിച്ച വിദ്യാര്‍ഥികളിലൊരാള്‍ നിരന്തരം പ്രശ്‌നക്കാരനാണെന്നും നേരത്തേ മറ്റൊരുകുട്ടിയെ പരിക്കേല്‍പ്പിച്ചതിന് ഒരുമാസം സസ്‌പെന്‍ഷനിലായിരുന്നെന്നും പറയുന്നു. സംഭവം ഒറ്റപ്പെട്ടതല്ലെന്നും പലകുട്ടികള്‍ക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും നിയമത്തിന്റെ ഏതറ്റംവരെയും പോകുമെന്നും പരിക്കേറ്റ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ അഞ്ചല്‍ പോലീസ് കേസെടുത്തു. നാല് വിദ്യാര്‍ഥികളെ താത്കാലികമായി പുറത്താക്കിയതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അറിയിച്ചു.