കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സര്‍ക്കാരിന് ബാധ്യതയേല്‍ക്കാനാവില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും ഇത് ഉദ്യോഗസ്ഥയുടെ മാത്രം കുറ്റമാണെന്നും അപ്പീലില്‍ പറയുന്നുണ്ട്.
അടുത്തിടെ സംസ്ഥാനത്ത് പോലീസിനെതിരേ സമാനമായ പല പരാതികളും ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം കേസുകളിലെല്ലാം സമാനമായ ഉത്തരവുണ്ടായാല്‍ ഭാവിയില്‍ ദോഷംചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിനെത്തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
മോഷ്ടാക്കളെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടിയും പിതാവുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 50 ലക്ഷം രൂപയാണ് പെണ്‍കുട്ടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. കോടതിച്ചെലവായി 25000 രൂപ കെട്ടിവെയ്ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതില്‍ ഏറെ ദുഃഖമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ ജോലിക്കാര്‍ ചെയ്യുന്ന കുറ്റത്തിന് നഷ്ടപരിഹാരം നല്‍കാനാവില്ലെങ്കില്‍ എന്തിനാണ് ഇവരെയൊക്കെ സര്‍ക്കാര്‍ ജോലിക്ക് വെച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: pink police harassment in attingal state government given appeal against compensation order
Published: 14 Mar 2022, 01:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented