കാഞ്ഞങ്ങാട് :പെരിയ ഇരട്ടക്കൊലക്കേസിൽ 10 പേർ കുറ്റവിമുക്തരാകാനിടയായത് കുറ്റപത്രത്തിൽ പലയിടത്തുമുണ്ടായ ബലക്കുറവ്. അതിനാൽ ശിക്ഷാവിധിക്കുശേഷം പുനരന്വേഷണമോ തുടരന്വേഷണമോ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെയും ഇരകളുടെ കുടുംബത്തിന്റെയും ആലോചന.

To advertise here,

ഒന്നുമുതൽ 11 വരെയും 15 മുതൽ 19 വരെയും പ്രതികൾക്ക് കൊലയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. കൊല നടന്ന 2019 ഫെബ്രുവരി 17-നും അതിന്‌ മൂന്നുനാൾ മുൻപ് 14-നും ഏച്ചിലടുക്കം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒത്തുകൂടി ഗൂഢാലോചന നടത്താൻ ഇത്രയും പേരുണ്ടായിരുന്നുവെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തിൽ. നേരത്തേ അന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിലെ ആദ്യ 11 പേർക്കെതിരെയാണ് ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നത്. സി.ബി.ഐ. അന്വേഷണത്തിൽ ബാക്കി അഞ്ചുപേർക്കുകൂടി ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഇവരിൽ ഒൻപതാം പ്രതി മുരളി തന്നിത്തോട്, 11-ാം പ്രതി പ്രദീപ് കുട്ടൻ, 16 മുതൽ 19 വരെയുള്ള ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ്, പി.രാജേഷ് എന്നിവർ കുറ്റവിമുക്തരായി. കൊല നടത്തിയശേഷം ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ നാലുപേരെ വെളുത്തോളിയെന്ന സ്ഥലത്ത് എത്തിച്ചത് ഒൻപതാം പ്രതി മുരളിയാണെന്ന് ക്രൈംബ്രാഞ്ചിന്റെയും സി.ബി.ഐ.യുടെയും കുറ്റപത്രത്തിലുണ്ട്. എന്നാൽ തെളിവുകളും സാക്ഷിമൊഴികളുമുണ്ടായില്ല. കൊല നടത്തുന്നതിനുമുൻപ് 16-ാം പ്രതി ശാസ്താ മധുവിന്റെ വീട്ടിലേക്ക് കാറുകൾ നിരനിരയായി പോയിരുന്നതായും അതിലൊന്ന് ഇയാളുടെതാണെന്നും സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന ഘടകങ്ങളെ കൂട്ടിയോജിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ഉദുമ ഏരിയാ മുൻ സെക്രട്ടറിയുമായ കെ.മണികണ്ഠൻ തെളിവ്‌ നശിപ്പിച്ചുവെന്നതും കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സി.ബി.ഐ. മറ്റൊരു വകുപ്പിൽ പ്രതി ചേർത്തില്ലായിരുന്നെങ്കിൽ 13-ാം പ്രതി സി.പി.എം. പെരിയ ലോക്കൽ മുൻ സെക്രട്ടറി എൻ.ബാലകൃഷ്ണനൊപ്പം മണികണ്ഠനും കുറ്റവിമുക്തമാക്കപ്പെടുമായിരുന്നു. ചട്ടഞ്ചാലിലെ സി.പി.എം. ഉദുമ ഏരിയാ കമ്മിറ്റി ഓഫീസിൽനിന്ന്‌ മണികണ്ഠൻ പലരുമായി പ്രതികൾക്കു വേണ്ടി അന്ന്‌ രാത്രി ഫോണിൽ സംസാരിച്ചെന്നും പ്രതികൾ ധരിച്ച വസ്ത്രങ്ങൾ കത്തിച്ചെന്നും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ട്. ഇതേക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്താൻ സി.ബി.ഐ.ക്കും കഴിഞ്ഞില്ല. അതിനാൽ വിചാരണക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട ഭാഗം വിസ്താരത്തിലേ ഉണ്ടായിരുന്നില്ല.

രണ്ടാംപ്രതി സജി സി.ജോർജിനെ പോലീസ് ജീപ്പിൽ നിന്നിറക്കിക്കൊണ്ടുവന്നുവെന്ന കുറ്റമാണ് മുൻ എം.എൽ.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്റെയും സി.പി.എം. പാക്കം ലോക്കൽ മുൻ സെക്രട്ടറി രാഘവൻ വെളുത്തോളിയുടെയും കെ.വി.ഭാസ്കരന്റെയും കെ.മണികണ്ഠന്‍റെയും പേരിലുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുകയേ ചെയ്തിട്ടില്ലാത്ത ഈ ഭാഗത്ത് സി.ബി.ഐ. പിടിമുറുക്കുകയായിരുന്നു. തൊട്ടടുത്തദിവസം സജി സി.ജോർജിനെ ഇരട്ടക്കൊലക്കേസിലെ രണ്ടാംപ്രതിയായി അറസ്റ്റുചെയ്ത ശേഷമെങ്കിലും തലേ രാത്രിയിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തയ്യാറായില്ല.

ജീപ്പിൽനിന്നിറക്കിക്കൊണ്ടുപോകാൻ നേതാക്കളെ പ്രേരിപ്പിച്ച ഘടകമെന്തെന്നുള്ള ചോദ്യത്തിലേക്കിറങ്ങാനും അതുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തിപ്പെടുത്താനും സി.ബി.ഐ.ക്കും സാധിച്ചില്ല.