പറവൂര്‍(എറണാകുളം): നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയില്‍ ലഹരിമാഫിയ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വാടകവീട്ടില്‍കയറി ആക്രമണം നടത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കോഴിക്കോട് കക്കാട്ട് പുതുപ്പാടി കല്ലിങ്കല്‍ റിഷലി (24), കടവന്ത്ര വാഴേപ്പറമ്പില്‍ അലന്‍ (23), പറവൂര്‍ താന്നിപ്പാടം കമ്പിവേലിക്കകം തട്ടകത്ത് മിഥുന്‍ (മിഥുന്‍ ശാന്തി-29), തൃപ്പൂണിത്തുറ തെക്കുംഭാഗം കൊച്ചുപടന്നയില്‍ സിറാജ് (അമ്പാടി-19) എന്നിവരെയാണ് കോട്ടയത്തുനിന്നും പറവൂര്‍ പോലീസ് പിടികൂടിയത്.

To advertise here,

നന്ത്യാട്ടുകുന്നം കാളികുളങ്ങരഭാഗത്ത് യുവതി ഉള്‍പ്പെടെയുള്ളവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചതായാണ് കേസ്. യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ രാത്രി രണ്ടുതവണയാണ് ആക്രമണമുണ്ടായത്.

അക്രമിസംഘം വീട്ടിലേയ്‌ക്കെറിഞ്ഞ സ്‌ഫോടകവസ്തുക്കളിലൊന്ന് പൊട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. രാത്രി ഏറെവൈകി വീണ്ടും എറിഞ്ഞ സ്‌ഫോടകവസ്തു പൊട്ടിയിരുന്നില്ല. അത് പിന്നീട് ബോംബ് സ്‌ക്വാഡെത്തിയാണ് നിര്‍വീര്യമാക്കിയത്. വാടകവീട്ടില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ റോഷ്നിക്ക് ബിയര്‍കുപ്പികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റിരുന്നു. ലഹരിസംഘങ്ങളുടെ കുടിപ്പകയാണ് ആക്രമണത്തിന് ഇടയാക്കിയതെന്നനിലയില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പോലീസ്.

മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്‍, പറവൂര്‍ സിഐ ഷോജോ വര്‍ഗീസ്, എസ്ഐ രഞ്ജിത്ത് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്.