പാറശ്ശാല: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ യുവാവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ കൊച്ചോട്ട്കോണം സ്വദേശിനിയായ കാവ്യ (24) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പാറശ്ശാല കരുമാനൂർ സ്വദേശി അശ്വന്ത് (26) തിരുവനന്തപുരം മെഡിക്കൽകോളേജിലും ചികിത്സയിലാണ്.

To advertise here,

പ്ലാമൂട്ടുക്കടക്ക് സമീപത്തായുളള വനിതാ ജിമ്മിൽ ട്രെയിനറാണ് പരിക്കേറ്റ കാവ്യ. കാവ്യയുമായി നേരത്തേ പരിചയമുളള അശ്വന്ത് കാവ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും കാവ്യ ഇത് നിരസിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ അശ്വന്തിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അശ്വന്ത് തിങ്കളാഴ്ച രാവിലെ ഇരുചക്രവാഹനത്തിൽ പ്ലാമൂട്ടുക്കടയിലെ ജിമ്മിന് സമീപത്തെത്തി കാത്ത് നിൽക്കുകയായിരുന്നു. ജിമ്മിലെത്തിയവർ പുറത്ത് പോയതിന് പിന്നാലെ പുറത്തേക്ക് വന്ന കാവ്യയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.

കഴുത്തിലും നെഞ്ചിലും മുറിവേറ്റ കാവ്യ ജിമ്മിനുളളിലേക്ക് ഓടിക്കയറി. പിന്നാലെ ജിമ്മിനുളളിലെത്തിയ അശ്വന്ത് കൈവശം സൂക്ഷിച്ചിരുന്ന എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ജിമ്മിലെത്തിയ പൊതു പ്രവർത്തകരാണ് പരിക്കേറ്റ് കിടക്കുന്ന കാവ്യയെ കണ്ടെത്തിയത്. തുടർന്ന് കാവ്യയെ ആശുപത്രിയിലേക്ക് മാറ്റി. പാറശ്ശാല പോലീസ് സ്ഥലത്തെത്തി അശ്വന്തിനെ കസ്റ്റഡിയിലെടുത്തെങ്കിലും താൻ വിഷം കഴിച്ചതായി അശ്വന്ത് വെളിപ്പെടുത്തിയതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അശ്വന്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ പാറശ്ശാല പോലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു.