മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ടൗണില്‍ വിന്നേഴ്‌സ് ഗ്രൗണ്ടിന് സമീപത്തെ വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് കാറിലെത്തിയ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

To advertise here,

ചൊവ്വാഴ്ച്ച രാത്രി എട്ടോടെയാണ് സംഭവം. ടൗണില്‍നിന്ന് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷമീറിനെ ജിഎല്‍പി സ്‌കൂളിന് സമീപത്തുവെച്ച് ഇന്നോവ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പിടിച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

ദുബായില്‍ ജോലിചെയ്യുന്ന ഷമീര്‍ ഈ മാസം നാലിനാണ് അവധിക്കായി നാട്ടിലെത്തിയത്. ദുബായിലെ സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാണ്ടിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.