മൂവാറ്റുപുഴ: കെട്ടിട നമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയറെ മൂവാറ്റുപുഴ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാസർകോട് ഹോസ്ദുർഗ് ഹരിപുരം ശ്രീവത്സം വീട്ടിൽ ടി. ദീപേഷ് കുമാറിനെ (40) യാണ് റിമാൻഡ് ചെയ്തത്.

To advertise here,

എറണാകുളം പനമ്പിള്ളി നഗർ പാസ്പോർട്ട് ഓഫീസ് റോഡ് വില്ലമശ്ശേരിൽ സോണി ജോർജും സഹോദരൻ റോണി ജോർജും നടത്തുന്ന റോൺ ട്രാൻസ്പോർട്ടേഴ്സിന്റെ വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പരിധിയിൽ നിർമിച്ച സംഭരണശാലയുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്നതിന് ദീപേഷ് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ചൊവ്വാഴ്ച രാത്രിയാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.

ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിക്കു വേണ്ടി അഡ്വ. ഡി. ഫിറോസ്, അഡ്വ. കെ.എ. ആബിദ് അലി എന്നിവർ ഹാജരായി. പണം കൈപ്പറ്റി കാറിലിരുന്ന് കംപ്യൂട്ടറിലൂടെ കെട്ടിടത്തിന് നമ്പറിടുന്നതിനിടെയാണ് കാക്കനാട് വെച്ച് വിജിലൻസ് ഡിവൈ.എസ്.പി. ടി.എം. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വിജിലൻസ് നടത്തിയ ഏറ്റവും ഉയർന്ന തുകയുടെ ട്രാപ്പ് ഓപ്പറേഷൻ

കൊച്ചി: വെയർഹൗസിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ പിടിയിലായ സംഭവം വിജിലൻസിന്റെ ചരിത്രത്തിൽ ട്രാപ്പ് കേസിൽ പിടികൂടുന്ന ഏറ്റവും ഉയർന്ന കൈക്കൂലി തുക. അഞ്ച് ലക്ഷം രൂപയും 10 ലക്ഷത്തിന്റെ ചെക്കുമായാണ് ദീപേഷ് കുമാർ വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. ദീപേഷിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 5.5 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ഇയാളുടെ ഭാര്യ താമസിക്കുന്ന ബെംഗളൂരുവിലെ ഫ്‌ളാറ്റിലും ഇയാളുടെ കാസർകോട് ഹരിപുരത്തെ കുടുംബ വീട്ടിലും പരിശോധന നടത്തി. ഇവിടെ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്.