പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ വീട്ടിലെ കിണറ്റില്‍ സുരക്ഷാജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട്ടുകുറിശ്ശി മണിയന്‍പാറ തോട്ടക്കര വീട്ടില്‍ മുരുകേശനാണ് (56) മരിച്ചത്. മൃതദേഹത്തിന്റെ തലയില്‍ മുറിവുണ്ടായിരുന്നതിനാല്‍ ആദ്യം കൊലപാതകമെന്ന് പോലീസ് സംശയിച്ചു. എന്നാല്‍, വീട്ടിലെ സിസിടിവിയില്‍നിന്ന്, മുരുകേശന്‍ കിണറ്റിലേക്ക് ചാടുന്ന ദൃശ്യം പോലീസിനു ലഭിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് പറഞ്ഞു.

To advertise here,

അന്തരിച്ച മുന്‍ രഞ്ജി താരം രഘുനാഥിന്റെ വീടിനു പിറകുവശത്തെ കിണറ്റിലാണ് ബുധനാഴ്ച രാവിലെ എട്ടോടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും സഹായിയായ സ്ത്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരനായ മുരുകേശന്‍ ആറുമാസമായി രാത്രി ഈ വീട്ടിലാണ് ജോലി നോക്കുന്നത്.

ചൊവ്വാഴ്ച രാത്രി ജോലിക്കെത്തിയ മുരുകേശനെ ബുധനാഴ്ച രാവിലെ കാണാതായി. വീട്ടിലുണ്ടായിരുന്നവര്‍ നടത്തിയ തിരച്ചിലില്‍, ഇയാളുടെ ചെരിപ്പും മൊബൈല്‍ ഫോണും കിണറിനടുത്ത് കണ്ടു. സംശയം തോന്നി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസും പാലക്കാട് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ജില്ലാ പോലീസ് മേധാവി അജിത്ത് കുമാര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു.

മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുരുകേശന് ആരുമായും പ്രശ്‌നങ്ങളുണ്ടായിരുന്നതായി കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അച്ഛന്‍: പരേതനായ ബാലകൃഷ്ണന്‍. അമ്മ: രാജമ്മ. ഭാര്യ: പ്രീത. മക്കള്‍: വിഷ്ണു (എറണാകുളം), ഹേമലത (ചെന്നൈ). സഹോദരങ്ങള്‍: പ്രഭു, മണികണ്ഠന്‍, വനജ, വിജയ, ഗിരിജ. സംസ്‌കാരം വ്യാഴാഴ്ച ഒന്‍പതിന് ഐവര്‍മഠം ശ്മശാനത്തില്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)