തിരുവനന്തപുരം: കോവളത്ത് ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരി സ്പായിൽ കടുത്ത ചൂഷണത്തിന് ഇരയായ കേസിൽ പുറത്തുവരുന്നത് ബന്ധുക്കളുടെ കടുത്ത ക്രൂരത. രണ്ടു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും മരിച്ചുപോയതിനെ തുടർന്ന് അമ്മയുടെ അനിയത്തിയുടെ (ഇളയമ്മ) സംരക്ഷണയിലാണ് പെൺകുട്ടി വളർന്നത്. പെൺകുട്ടിയെ പണം വാങ്ങി സ്പായിലേക്ക് കൈമാറിയ ശേഷം, കുട്ടിയെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകിയത് ഇളയമ്മ തന്നെയായിരുന്നു. പോലീസിൽ നൽകിയ ഈ പരാതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്പായിലെ പീഡന വിവരങ്ങളും ബന്ധുക്കളുടെ ചതിയും പുറംലോകമറിഞ്ഞത്.
മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ ആദ്യമായി കോവളത്തെ ഒരു സ്പായിൽ എത്തിക്കുകയും പിന്നീട് സമീപത്തുള്ള മറ്റൊരു സ്പായിലേക്ക് മാറ്റുകയുമായിരുന്നു. ബോർഡ് പോലും സ്ഥാപിക്കാതെ സാധാരണ വീടെന്ന് തോന്നിക്കുന്ന രീതിയിലാണ് ആദ്യ സ്പാ പ്രവർത്തിച്ചിരുന്നത്. ഇതിനിടെ സ്പായിലെത്തിയ ഒരു യുവാവുമായി അടുപ്പത്തിലായ പെൺകുട്ടി അവിടെനിന്ന് നാടുവിട്ടതോടെയാണ് ഇളയമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്. നിലവിൽ പോലീസിന്റെ നടപടിയെ തുടർന്ന് രണ്ട് സ്പാകളും പൂട്ടിച്ചിട്ടുണ്ട്. സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു ഹെൽത്ത് ജീവനക്കാരന് പങ്കുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിച്ചു വരികയാണ്.
കോവളത്തിന് പുറമെ തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ എത്തിച്ചും പെൺകുട്ടിയെ ബന്ധുക്കൾ ചൂഷണത്തിന് ഇരയാക്കിയതായി പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ചെന്നൈയിൽ വെച്ചാണ് പെൺകുട്ടിയെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യാൻ തുടങ്ങിയതെന്ന് മൊഴികളിൽ വ്യക്തമാകുന്നു. പെൺകുട്ടിയുടെയും കസ്റ്റഡിയിലുള്ള ബന്ധുക്കളുടെയും മൊഴികളിൽ ചില വൈരുധ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവ വ്യക്തമാക്കാനുള്ള പരിശ്രമത്തിലാണ് പോലീസെന്നും വ്യക്തമാകുന്നു. പെൺകുട്ടിയുടെ സ്കൂൾ രേഖകൾ പരിശോധിച്ചതോടെയാണ് കുട്ടിക്ക് 16 വയസ്സ് മാത്രമാണെന്ന് സ്ഥിരീകരിച്ചതും കേസിന്റെ സ്വഭാവം മാറിയതും.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോവളം സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആന്ധ്രപ്രദേശിൽ നിന്ന് പെൺകുട്ടിയെ കോവളത്തേക്ക് എത്തിക്കാൻ സഹായിച്ച പ്രാദേശിക ബന്ധങ്ങളെക്കുറിച്ചും വരും ദിവസങ്ങളിൽ വിശദമായി അന്വേഷിക്കും. പ്രതികളുടെയും സംശയനിഴലിലുള്ളവരുടെയും ഫോൺ രേഖകൾ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലവിലെ പരിശോധനകൾ പുരോഗമിക്കുന്നത്.
Published: 19 Oct 2026, 07:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented