ലണ്ടന്‍: എയര്‍ഹോസ്റ്റസിനെ കൂട്ടബലാത്സംഗംചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പാകിസ്താന്‍ സ്വദേശിയെ പിന്തുണച്ച് ഭാര്യ. ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് സ്ഥാപന ഉടമയും പാകിസ്താന്‍ സ്വദേശിയുമായ സല്‍മാന്‍ ഇഫ്ത്തിഖറിനെ പിന്തുണച്ചാണ് അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളായ അബീര്‍ റിസ് വി രംഗത്തെത്തിയത്.

To advertise here,

മാനസികപ്രശ്‌നങ്ങള്‍ കാരണമാണ് ഭര്‍ത്താവ് ഇത്തരത്തില്‍ പെരുമാറിയതെന്നാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ കൂടിയായ അബീര്‍ റിസ് വിയുടെ വാദം. കേസില്‍ സല്‍മാന്‍ ഇഫ്ത്തിഖറിനെ ബ്രിട്ടനിലെ കോടതി 15 മാസത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് അബീര്‍ റിസ് വി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

പാകിസ്താനില്‍ താമസിക്കുന്ന അബീര്‍ റിസ് വി ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലും അരമില്യണിലേറെ ഫോളോവേഴ്‌സുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറാണ്. ബ്രിട്ടനില്‍ ജയിലിലായ സല്‍മാന്‍ ഇഫ്ത്തിഖറിന്റെ രണ്ടു ഭാര്യമാരില്‍ ഒരാളാണ് അബീര്‍. സല്‍മാന്റെ മറ്റൊരു ഭാര്യയായ ഇറം സല്‍മാന്‍ ബ്രിട്ടനില്‍ തന്നെയാണ് താമസം. 

ഭര്‍ത്താവ് ചെയ്ത കുറ്റകൃത്യത്തിന് കാരണമായത് മാനസികപ്രശ്‌നങ്ങളാണെന്നാണ് അബീര്‍ റിസ് വി അവകാശപ്പെടുന്നത്. ''മാനസികാരോഗ്യം ഒരു തമാശയല്ല. ഓരോ കഥയ്ക്ക് പിന്നിലും നിങ്ങള്‍ക്ക് കാണാനാകാത്ത വേദനയുണ്ട്. അതിനാല്‍ ഒരാളെ വിധിക്കുന്നതിന് മുന്‍പ് മനസ്സിലാക്കാന്‍ ശ്രമിക്കുക. ദയയുള്ളവരായിരിക്കുക, മനുഷ്യനായിരിക്കുക'', അബീര്‍ പറഞ്ഞു. 

2023 ഫെബ്രുവരി ഏഴിനാണ് സല്‍മാന്‍ ഇഫ്ത്തിഖര്‍ ജയിലില്‍പോകാനിടയായ സംഭവമുണ്ടായത്. ലണ്ടനില്‍നിന്ന് ലാഹോറിലേക്കുള്ള യാത്രയ്ക്കിടെ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിലെ എയര്‍ഹോസ്റ്റസിനോട് ഇയാള്‍ മോശമായി പെരുമാറിയെന്നും ബലാത്സംഗംചെയ്ത് കത്തിച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. 

മൂന്ന് കുട്ടികള്‍ക്കൊപ്പം വിമാനത്തിലെ ഫസ്റ്റ്ക്ലാസിലായിരുന്നു സല്‍മാന്‍ ഇഫ്ത്തിഖറിന്റെ യാത്ര. യാത്രയ്ക്കിടെ ഇയാള്‍ അമിതമായി മദ്യപിച്ചു. തുടര്‍ന്ന് മോശമായി പെരുമാറാന്‍ തുടങ്ങി. മദ്യത്തിനൊപ്പം നല്‍കുന്ന ഐസ് വെറുംകൈ കൊണ്ട് എടുക്കുകയും കാബിന്‍ക്രൂ അംഗമായ യുവതിയോട് കയര്‍ക്കുകയുംചെയ്തു. എയര്‍ഹോസ്റ്റസിനെ വംശീയവാദി എന്ന് വിളിച്ച് ആക്ഷേപിച്ചു.

ലാഹോറില്‍ നിങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ അറിയാമെന്നും ഹോട്ടല്‍കെട്ടിടം ബോംബിട്ട് തകര്‍ക്കുമെന്നും അതിന് മുന്‍പ് നിങ്ങളെ വലിച്ചിഴച്ച് കൂട്ടബലാത്സംഗംചെയ്ത് ജീവനോടെ കത്തിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. വിമാനത്തിലെ പുരുഷ ജീവനക്കാരനെയും ഇയാള്‍ ആക്രമിക്കാന്‍ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ ക്രൂ അംഗങ്ങള്‍ ബലമായി സീറ്റില്‍ തന്നെ ഇരുത്തി. എന്നാല്‍, വിമാനം ലാഹോറിലെത്തിയപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്തില്ല. അതിനാല്‍ തന്നെ പ്രതി വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്നു. തുടര്‍ന്ന് സല്‍മാന്‍ ഇഫ്ത്തിഖര്‍ ബ്രിട്ടനില്‍ മടങ്ങിയെത്തിയതിന് പിന്നാലെ 2024 മാര്‍ച്ച് 16-നാണ് ഇയാളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് പ്രതിയെ കോടതി 15 മാസത്തെ തടവിന് ശിക്ഷിക്കുകയുംചെയ്തു.