കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ജോലി വാഗ്ദാനംചെയ്ത് 17.56 ലക്ഷംരൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന പ്രതിയെ നല്ലളം പോലീസ് പിടികൂടി. മലപ്പുറം വള്ളുവങ്ങാട് സ്വദേശി മഞ്ചപ്പള്ളി വീട്ടില്‍ മിദ്ലാജ് (19) ആണ് ഡല്‍ഹി എയര്‍പോട്ടില്‍വെച്ച് പിടിയിലായത്.

To advertise here,

2023 ഡിസംബറില്‍ കുണ്ടായിത്തോട് സ്വദേശിനിയായ യുവതിയില്‍നിന്നാണ് പണം തട്ടിയത്. സോഷ്യല്‍മീഡിയ വഴി പാര്‍ട്ട് ടൈം ജോലി വാഗ്ദാനംചെയ്യുകയും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയും ബിറ്റ്‌കോയിന്റെയും പേരില്‍ പണം നിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. പ്രതി അറസ്റ്റിനെ ഭയന്ന് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ പോലീസ് ലുക്കൗട്ട് നോട്ടീസ് പ്രകാരം എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു.

നല്ലളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുമിത് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്ഐ സുനില്‍, സിപിഒ ഷഫീന്‍ എന്നിവര്‍ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.